പുനഃസംഘടനയിൽ തഴയുമോ എന്ന് സംശയം; സംസ്ഥാനത്തിന് പുറത്ത് ചുമതലയ്ക്കായി മൂന്ന് ബിജെപി ജനറൽ സെക്രട്ടറിമാർ

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റെടുത്തതോടെ സംസ്ഥാനത്തിന് പുറത്ത് ചുമതലയ്ക്കായി ജനറൽ സെക്രട്ടറിമാർ. ബിജെപി സംസ്ഥാന പുനഃസംഘടനയിൽ തഴയപ്പെടാൻ സാധ്യതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വി മുരളീധര വിരുദ്ധ ചേരിയിലെ മൂന്ന് ജനറൽ സെക്രട്ടറിമാരാണ് സംസ്ഥാനത്തിന് പുറത്ത് ചുമതലയ്ക്ക് ശ്രമമാരംഭിച്ചത്.

സഹമന്ത്രി റാങ്കുള്ള നെഹ്‌റു യുവകേന്ദ്ര വൈസ് ചെയർമാൻ പദവിക്കായാണ് ഒരാൾ ശ്രമിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമാകാനാണ് മറ്റൊരാൾ ലക്ഷ്യമിടുന്നത്. മഹിളാ മോർച്ച ദേശീയ ചുമതലയിലേക്ക് മൂന്നാമത്തെ ജനറൽ സെക്രട്ടറി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ആർഎസ്എസ് പിന്തുണയോടെയാണ് സ്ഥാനലബ്ധിക്കുള്ള ശ്രമം പുരോഗമിക്കുന്നത്.

അതേസമയം ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാൻ ബിജെപി ദേശീയ ഘടകം തയാറായിട്ടില്ല. കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് എന്നിവരെ ദേശീയ ചുമതലയിലേക്ക് പരിഗണിക്കുന്നതൊഴിച്ചാൽ മറ്റൊന്നും ചർച്ചകളിലില്ലെന്നാണ് ഡൽഹി ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമം.

 

bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top