ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ്; വിജിലന്‍സ് ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ കേസില്‍ വിജിലന്‍സ് ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. പാലാരിവട്ടം പാലം അഴിമതിക്കേസിനൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ കേസും അന്വേഷിക്കുന്നുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. കേസില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്ന് കോടതിയെ ബോധിപ്പിക്കും. പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിയിലൂടെ ലഭിച്ച പത്തു കോടിയിലേറെ രൂപ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചെന്ന പരാതിയില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.

അഴിമതി പണം വെളുപ്പിക്കലാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നായിരുന്നു കളമശേരി സ്വദേശി ജി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആരോപണം. ഇബ്രാഹിംകുഞ്ഞ് ആരോപണ വിധേയനായ പാലാരിവട്ടം പാലം അഴിമതിക്കേസും കള്ളപ്പണം വെളുപ്പിക്കല്‍ കേസും ഒന്നിച്ച് അന്വേഷിക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും.

കഴിഞ്ഞയാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ ഇബ്രാഹിംകുഞ്ഞ് പഴയ നിലപാട് ആവര്‍ത്തിച്ചുവെന്നും കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം നിഷേധിച്ചതായും വിജിലന്‍സ് ബോധിപ്പിക്കും. ഇബ്രാഹിംകുഞ്ഞിന്റെയും അടുത്ത ബന്ധുക്കളുടെയും സ്വത്തുക്കളെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തും പുറത്തുമുള്ള സ്വത്തുക്കള്‍, വ്യവസായ സംരംഭങ്ങള്‍, നിക്ഷേപം എന്നിവ പരിശോധിക്കും.

വിജിലന്‍സിന്റെ പരിധിയില്‍ മാത്രം വരുന്ന കേസല്ല ഇതെന്നും, അതിനാല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ കൂടി കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചെങ്കിലും മറ്റു നടപടികളിലേയ്ക്ക് കടന്നിട്ടില്ല. കേസില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഇഡി ഇന്ന് കോടതിയെ അറിയിക്കും.

Story Highlights: v k ibrahim kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top