Advertisement

സിഎജി റിപ്പോർട്ട് : ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

February 18, 2020
Google News 1 minute Read
pinarayi vijayan returned to kerala after treatment

സിഎജി റിപ്പോർട്ടിൽ പൊലീസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് സമിതിക്ക് വിശദീകരണം നൽകുന്നതിന് മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ആഭ്യന്തര വകുപ്പിനേയും പ്രതിക്കൂട്ടിൽ നിർത്തുന്ന സിഎജി റിപ്പോർട്ടിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി. നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന വകുപ്പുകളോട് വിശദീകരണം ചോദിച്ചിരിക്കെയാണ് സർക്കാർ നടപടി. റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പൊലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്. ഇക്കാര്യത്തിൽ ബെഹ്‌റക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.

തോക്കുകൾ നഷ്ടപ്പെട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത് സർക്കാരിന് ഭാഗിക ആശ്വാസവുമായി. എന്നാൽ സിഎ ജിറിപ്പോർട്ടിൽ പരാമർശിക്കാത്തതും ബെഹ്‌റ തന്നിഷ്ടപ്രകാരം പണം ചെലവഴിക്കുന്നതിന്റേതുമായി പുറത്തുവരുന്ന വാർത്തകൾ സർക്കാരിന് തലവേദനയാവുകയാണ്. ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണമാകട്ടെ സിഎജി പരാമർശങ്ങളിലൊതുങ്ങും. അന്വേഷണം സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെത്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യം തള്ളിയാണ് അന്വേഷണത്തിന് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയെ നിയോഗിച്ചത്.

Story Highlights- CAG

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here