അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശം

സംസ്ഥാനത്ത് അനധികൃതമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഡിജിപിയുടെ നിർദേശം. ഇക്കാര്യം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 2018 മുതൽ ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ബോർഡുകൾ മാറ്റാൻ പലതവണ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഇടപെടണമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.

ഇതേത്തുടർന്നാണ് അനധികൃതമായി ഫ്‌ളക്‌സുകളും ബോർഡുകളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഡിജിപി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നൽകിയതായും ഡിജിപി കോടതിയെ അറിയിച്ചു.

അതേസമയം റോഡ് സുരക്ഷ അതോറിറ്റി കമ്മിഷണറും വിഷയത്തിൽ സർക്കുലർ ഇറക്കി. 2018 ജൂലൈയിലാണ് പൊതുസ്ഥലത്ത് അനധികൃതമായി ഫ്‌ലക്‌സുകൾ സ്ഥാപിക്കുന്നതിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം ശരിവച്ചു. നിയമം നിലനിൽക്കെ ഫ്‌ലക്‌സുകൾ വീണ്ടും നിരത്ത് കീഴടക്കിയതോടെയാണ് കടുത്ത നടപടിയിലേക്ക് കോടതി നീങ്ങിയത്.

Story Highlights- Flex Board

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top