Advertisement

ക്രമക്കേടുകൾ തുടർക്കഥ; 27 ലക്ഷം രൂപ മുടക്കി സ്‌പെക്ട്രം അനലൈസർ വാങ്ങിയതും ചട്ടം ലംഘിച്ച്

February 18, 2020
Google News 1 minute Read

സർക്കാർ ഒത്താശയിൽ ഡിജിപി നടത്തിയ ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ പുറത്ത്. 27 ലക്ഷം രൂപ മുടക്കി സ്‌പെക്ട്രം അനലൈസർ വാങ്ങിയത് ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തി. ഇതിന് പുറമെ പത്തനംതിട്ട ജില്ലയ്ക്ക് അനുവദിച്ച പരിശീലന കേന്ദ്രം സർക്കാർ അനുമതി കൂടാതെ കൊച്ചിയിലേക്ക് മാറ്റി. ക്രമക്കേടുകൾക്ക് സർക്കാർ ഒത്താശ ചെയ്തതിന്റെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. ക്രൈംബ്രാഞ്ചിനായി ക്യാമറകൾ വാങ്ങിയതിലും ക്രമക്കേട് നടന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സർക്കാർ ഒത്താശയോടെ ചെയ്ത ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങളാണ് പുറത്തു വന്നത്. പൊലീസ് വയർലസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌പെക്ട്രം അനലൈസർ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി 26,30,429 രൂപയായിരുന്നു സർക്കാർ അനുവദിച്ചിരുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗ്മടെൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഉപകരണം വാങ്ങുമെന്നായിരുന്നു ഡിജിപി സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ കമ്പനി തുക ഉയർത്തിയെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരുവിലെ കൺവർജന്റ് ടെക്‌നോളജീസ് എന്ന കമ്പനിക്ക് ഡിജിപി കരാർ നൽകി.

Read Also : സിഎജി റിപ്പോർട്ട് : ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ടെണ്ടർ വിളിക്കാതെയായിരുന്നു ഡിജിപിയുടെ നടപടി. പിന്നീട് നടപടിക്രമങ്ങൾ സാധൂകരിച്ചു നൽകാനും, തുക ഉയർത്തി നൽകാനും ആവശ്യപ്പെട്ട് ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തു. സ്റ്റോർ പർച്ചേസ് മാനുവൽ പാലിക്കണമെന്ന നിർദേശത്തോടെ സർക്കാർ ഡിജിപിക്ക് അനുമതി നൽകി. ഈ നിർദേശത്തിന് ശേഷവും ഡിജിപിയുടെ ചട്ടലംഘനവും സർക്കാരിന്റെ ഒത്താശയും വീണ്ടും നടന്നു.

പത്തനംതിട്ട ജില്ലയിൽ സ്ഥാപിക്കേണ്ട പൊലീസിന്റെ പരിശീലന കേന്ദ്രം സർക്കാർ അനുമതിയില്ലാതെ ഡിജിപി കൊച്ചിയിലേക്ക് മാറ്റിയതിനും,നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനും രേഖകൾ പുറത്തു വന്നു. 90 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചിലവ്. ക്രൈംബ്രാഞ്ചിനായി കെൽട്രോണിൽ നിന്ന് അഞ്ച് ക്യാമറകൾ വാങ്ങിയതും സർക്കാരിന്റെ അനുമതിയില്ലാതെയാണ്. ഇതിനും സർക്കാർ ഒത്താശ ചെയ്തു. പൊലീസ് ഹൌസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ നോക്ക് കുത്തിയാക്കി സ്വകാര്യ കമ്പനികൾക്കും, പരിചയസമ്പന്നരല്ലാത്ത പൊതുമേഖലാ സ്ഥാപനത്തിനു കരാർ നൽകുന്നതിന്റെ തെളിവുകളും പുറത്തു വന്നു.

Story Highlights- DGP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here