‘മികച്ച ആതിഥ്യമര്യാദയുള്ള രാജ്യമാണ് പാകിസ്താൻ’; ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ഷൊഐബ് അക്തർ

ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് മുൻ പാക് പേസർ ഷൊഐബ് അക്തർ. ഉള്ളിയും ഉരുളക്കിഴങ്ങും പരസ്പരം വിൽക്കാമെങ്കിൽ എന്തു കൊണ്ട് ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിച്ചു കൂടാ എന്ന് അക്തർ ചോദിച്ചു. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അക്തർ നിർദ്ദേശവുമായി രംഗത്തെത്തിയത്.
“യാത്ര ചെയ്യാൻ വളരെ സുരക്ഷിതമായ ഒരു രാജ്യമാണ് പാകിസ്താൻ. അവർക്ക് വലിയ സ്നേഹമാണ്. ബംഗ്ലാദേശ് ടെസ്റ്റ് കളിക്കാൻ വന്നല്ലോ. പക്ഷേ, ഇനിയും നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞാൻ നിക്ഷ്പക്ഷ വേദി നിർദ്ദേശിക്കുന്നു. പാകിസ്താനുമായി പൂർണമായ നിസ്സഹകരണത്തിനാണ് ഉദ്ദേശ്യമെങ്കിൽ പരസ്പര വ്യാപാരവും കബഡി കളിയും നിർത്തൂ. എന്തുകൊണ്ട് ക്രിക്കറ്റ് കളി മാത്രം നിർത്തുന്നു? ക്രിക്കറ്റുമായി എപ്പോഴൊക്കെ രാഷ്ട്രീയം ബന്ധപ്പെടുത്തിയാലും അത് നിരാശയുണ്ടാക്കും. നമ്മൾ ഉള്ളിയും ഉരുളക്കിഴങ്ങും പരസ്പരം വിൽക്കുന്നുണ്ടല്ലോ. പിന്നെ എന്തുകൊണ്ട് ക്രിക്കറ്റ് കളിച്ചു കൂടാ? ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആതിഥ്യമര്യാദയുള്ള രാജ്യമാണ് പാകിസ്താൻ. ഇന്ത്യക്ക് അത് അറിവുണ്ടാവുമല്ലോ. സച്ചിൻ, സെവാഗ്, ഗാംഗുലി എന്നിവരെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട്. നമുക്കിടയിലുള്ള വ്യത്യാസങ്ങൾ ക്രിക്കറ്റിനെ ബാധിക്കരുത്.”- അക്തർ പറഞ്ഞു.
നേരത്തെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് മുൻ താരങ്ങളായ യുവരാജ് സിംഗും ഷാഹിദ് അഫ്രീദിയും പറഞ്ഞിരുന്നു. മത്സരങ്ങൾ നടത്തിയാൽ അത് ആഷസിനെക്കാൾ വലിയ പോരാട്ടം ആകുമെന്നും അവർ പറഞ്ഞു.
2012-13 സീസണിൽ പാകിസ്താൻ ഇന്ത്യയിൽ പര്യടനം നടത്തിയതിന് ശേഷം ഇതുവരെ ഇന്ത്യ-പാക് മത്സരങ്ങൾ നടന്നിട്ടില്ല. തുടർന്ന് ഐസിസി, എസിസി ടൂർണമെൻ്റുകളിൽ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത് 2007-2008 സീസണിൽ ആയിരുന്നു. 2008ലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം.
Story Highlights: Shoaib Akhtar bats for India-Pakistan bilateral cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here