ജയിൽ വകുപ്പിലും ചട്ടലംഘനങ്ങൾ; തെളിവുകൾ പുറത്ത്

പോലീസ് തലപ്പത്തെ ചട്ടലംഘനങ്ങൾക്കും ക്രമക്കേടുകൾക്കും പിന്നാലെ ജയിൽ വകുപ്പിലും സമാനമായ ചട്ടലംഘനങ്ങൾ നടന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. സെൻട്രൽ ജയിലുകളിലെ നിർമ്മാണ യൂണിറ്റിലേക്ക് നൂലുകൾ വാങ്ങിയതിലാണ് ചട്ടലംഘനം നടന്നത്. സർക്കാർ അനുമതി ഉത്തരവുകളുടെ പകർപ്പുകൾ ട്വന്റി ഫോറിന് ലഭിച്ചു.

2017 ലും 2018 ലും മുൻകൂർ അനുമതിയില്ലാതെ ജയിൽ വകുപ്പ് അരക്കോടിയിലധികം രൂപയുടെ നൂലുകൾ വാങ്ങിയതിലാണ് ചട്ടലംഘനം നടന്നത്. 2017ൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും, കണ്ണൂർ സെൻട്രൽ ജയിലിലേക്കുമായി കണ്ണൂർ കോർപ്പറേറ്റീവ് സ്പിന്നിങ് മില്ലിൽ നിന്ന് 26 ലക്ഷത്തിലധികം രൂപ മുടക്കി നൂലുകൾ വാങ്ങി. ജയിലുകളിലെ നിർമ്മാണ യൂണിറ്റുകളിലേക്കാണ് ഇവ വാങ്ങിയത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നടത്തിയ ഇടപാടെന്നിരിക്കെ ജയിൽ മേധാവിയെ അനുകൂലിച്ച്‌ സർക്കാർ ഉത്തരവിറക്കി. ചട്ടലംഘനം നടത്തിയിട്ടും അത് പരിശോധിക്കാതെ സ്റ്റോർ പർച്ചേസ് മാനുവൽ പാലിക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സർക്കാർ നൽകിയത്.

എന്നാൽ 2018 ലും മുൻകൂർ അനുമതിയില്ലാതെ സെൻട്രൽ ജയിലുകളിലേക്ക് നൂൽ വാങ്ങാനായി 26,52,000 രൂപ ചിലവഴിച്ചു. ഇത്തരം നടപടികൾ ശരിവെച്ചു കൊണ്ടുള്ള ജയിൽ വകുപ്പിന്റെ ഉത്തരവുകൾ പുറത്തു വന്നതോടെയാണ് പൊലീസിന് സമാനമായ ക്രമക്കേടുകൾ ജയിൽവകുപ്പിലും നടക്കുന്നുവെന്നും അതിനെല്ലാം സർക്കാർ ഒത്താശ ചെയ്യുന്നുവെന്നും തെളിഞ്ഞത്.

അതേ സമയം, പൊലീസ് സേനയിൽ നിന്ന് വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറി പൊലീസിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തോക്കും തിരകളും കാണാതായെന്ന വാർത്ത തെറ്റാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസിന് താത്കാലിക ആശ്വാസമായി. എന്നിരുന്നാലും സ്‌പെക്ട്രം അനലൈസർ, യൂണിഫോം ക്യാമറകൾ അടക്കം വാങ്ങിയതിലെ തിരിമറി ഇനിയും കണ്ടെത്താനുണ്ട്.

Story Highlights: Jail Department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top