Advertisement

കുഞ്ഞിനെ കൊലപ്പെടുത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ; കണ്ണൂർ കൊലപാതകം വിശദീകരിച്ച് പൊലീസ്

February 19, 2020
Google News 1 minute Read

ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇരുപത്തിയൊന്നുകാരിയായ ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവിനെ പ്രതിയാക്കിയ ശേഷം കാമുകനൊപ്പം കഴിയാമെന്നായിരുന്നു പദ്ധതി. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം കൂടി എതിരായതോടെ ശരണ്യയുടെ കണക്കുകൂട്ടൽ തെറ്റി.

മൂന്ന് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ശരണ്യ ഭർത്താവിന്റെ സുഹൃത്തായ നിധിനുമായി അടുക്കുന്നത്. ഭർത്താവ് പ്രണവ് ഗൾഫിലായിരുന്നു. തിരിച്ച് നാട്ടിലെത്തിയ പ്രണവ് ഈ ബന്ധമറിഞ്ഞതിനെ തുടർന്ന് ശരണ്യയുമായി അകന്നു. മൂന്ന് മാസമായി ശരണ്യ തയ്യിലിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഭർത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി നിധിനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ ലക്ഷ്യം. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം ഞായറാഴ്ച ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. കുഞ്ഞിന്റെ കൊലപാതകത്തിൽ ഭർത്താവിനെ പ്രതിയാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.

Read Also : കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ട് വട്ടം കുഞ്ഞിനെ അമ്മ കടലിൽ എറിഞ്ഞു

പുലർച്ചെ മൂന്ന് മണിയോടെ പ്രണവിനൊപ്പംഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്ത് വീടിന്റെ പിറക് വശത്ത് കൂടി കടപ്പുറത്തേക്ക് പോയി. കടൽഭിത്തിയിൽ കയറി നിന്ന് കുഞ്ഞിനെ കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽഭിത്തിയിലെ കരിങ്കല്ലിനുമേൽ തലയടിച്ചതോടെ കുഞ്ഞ് ഉറക്കെ കരഞ്ഞു. കുഞ്ഞിന്റെ വായ പൊത്തിയ ശേഷം വെള്ളത്തിലേക്ക് വീണ്ടും വലിച്ചെറിഞ്ഞു. ഒന്നര വയസുകാരനായ മകൻ മരിക്കുമെന്ന് ഉറപ്പ് വരുത്തിയാണ് ശരണ്യ മടങ്ങിയത്. പുലർച്ചെയെഴുന്നേറ്റ് കുഞ്ഞിനെ കാണുന്നില്ലെന്ന് മറ്റുള്ളവരോട് പറഞ്ഞതും ശരണ്യ തന്നെ. കുഞ്ഞിനെ തിരയാൻ പോയ ശരണ്യ പിന്നീട് മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്ന് നടന്നു വരുന്നത് ഭർത്താവ് കണ്ടിരുന്നു. തുടർന്ന് പ്രണവ് പൊലീസിൽ പരാതി നൽകി.

കുഞ്ഞിനെ കാണാതായതിൽ പ്രണവിന് പങ്കുണ്ടെന്നാണ് ശരണ്യ ആദ്യം മൊഴി നൽകിയത്. കുഞ്ഞിന്റെ മൃതദേഹം കിട്ടിയതിന് ശേഷമുള്ള ശരണ്യയുടെ പെരുമാറ്റം പൊലീസിന് സംശയമുണ്ടാക്കി. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയും ഫോറൻസിക് പരിശോധനാ ഫലവും എതിരായതോടെ ശരണ്യ കുറ്റം സമ്മതിച്ചു. ഒറ്റയ്ക്ക് ജീവിക്കാനാണ് കൊല നടത്തിയതെന്നാണ് ശരണ്യ മൊഴി നൽകിയത്. എന്നാൽ നിധിനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. നിധിനെ പൊലീസ് ചോദ്യം ചെയ്തു. കൊലയിൽ ഇയാൾക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. മറ്റാർക്കും പങ്കില്ലെന്നാണ് ശരണ്യയും മൊഴി നൽകിയത്. ഇത് സംബന്ധിച്ച് ഫോൺ രേഖകളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

Story Highlights- Kannur Murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here