ചിന്നന് പുതിയ വീട് ; ട്വൻ്റിഫോർ വാർത്തയിൽ റീബിൽഡ് നിലമ്പൂർ ആക്ഷൻ

ഒറ്റമുറി വീടിന്റെ വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായ നിലമ്പൂര്‍ കുംഭാര കോളനിയിലെ മായന്നൂര്‍ ചിന്നന്റെയും കുടുംബത്തിന്റെയും വാര്‍ത്താ കഴിഞ്ഞ ദിവസമാണ് ട്വന്റിഫോര്‍ ന്യൂസ് പുറത്ത് വിട്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വഴിക്കടവ് സ്വദേശിനിയും പ്രവാസിയുമായ ജിജി ചിന്നനും കുടുംബത്തിനും വീടൊരുക്കാന്‍ ഭൂമി നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. പിവി അന്‍വര്‍ എംഎല്‍എയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പങ്ക് വച്ചത്.

റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുടെ ഭാഗമായി മുന്‍പ് ജിജി 20 സെന്റ് ഭൂമി വിട്ട് നല്‍കിയിരുന്നു. ഇതില്‍ നാല് സെന്റ് വീതം നാല് പേര്‍ക്കായി ജിജി രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ ബാക്കിയുള്ള നാല് സെന്റ് ഭൂമി ചിന്നന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ കൈമാറാന്‍ തയാറാണ് എന്നാണ് ജിജി അറിയിച്ചത്. ജിജിയും, സഹപാഠിയായ കേരള ഗവ നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം റൂബി സജിനയും ചേര്‍ന്ന് ചിന്നന്റെ ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന്‍ സുജിത്തിന്റെ പഠന ചിലവുകള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്.

എത്രയും വേഗത്തില്‍ ഈ ഭൂമിയില്‍ ചിന്നനും കുടുംബത്തിനും വീടൊരുക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ അറിയിച്ചു. വാര്‍ത്ത പുറത്ത് കൊണ്ട് വന്ന ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ അഷ്‌കര്‍ അലിയെ അഭിനന്ദിച്ച് കൊണ്ടാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Story Highlights- Twentyfour news was aided, Chinnan and his family get home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top