195 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി

195 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമന ഉത്തരവ് നല്‍കി. ചരിത്രത്തില്‍ ആദ്യമായാണു ഇത്രയും പേര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നല്‍കുന്നത്. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് താരങ്ങള്‍ക്ക് കൈമാറി.

2010 – 14 കാലയളവിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്നാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങള്‍ മുടങ്ങിയിരുന്നു. മുടങ്ങിക്കിടക്കുന്ന എല്ലാ നിയമനങ്ങളും ഒരുമിച്ച് നടത്താന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ചാണ് 195 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കിയത്. സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണു നിയമനം.

താരങ്ങള്‍ക്ക് കാലതാമസമില്ലാതെ നിയമനം നല്‍കാന്‍ നടപടിയെടുക്കുമെന്ന് നിയമന ഉത്തരവ് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 440 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി.

സന്തോഷ്‌ട്രോഫി കിരീടം നേടിയ കേരള ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കിയിരുന്നു. കേരള പൊലീസില്‍ 58 കായികതാരങ്ങള്‍ക്കും നിയമനം നല്‍കി. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായ ചടങ്ങില്‍ ഐ എം വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കായികതാരങ്ങള്‍ പങ്കെടുത്തു.

Story Highlights: job

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top