ഓഫ് സീസണിൽ ഇന്ത്യക്ക് പുറത്ത് കളിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഐപിഎൽ ടീമുകൾ

ഐപിഎൽ ഓഫ് സീസണിൽ ഇന്ത്യക്ക് പുറത്ത് കളിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മൂന്ന് ഐപിഎൽ ടീമുകൾ. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് ക്രിക്കറ്റ് ജനകീയമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യക്ക് പുറത്ത് മത്സരങ്ങൾ സംഘടിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ ബിസിസിഐയുടെ നിലപാടിനനുസരിച്ചാവും ക്ലബുകൾ മത്സരങ്ങൾ സംഘടിപ്പിക്കുക.
മൂന്ന് ഫ്രാഞ്ചസികളും വിഷയം ചൂണ്ടിക്കാട്ടി ബിസിസിഐക്ക് കത്തയച്ചിട്ടുണ്ട്. കാനഡ, സിംഗപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ക്രിക്കറ്റ് കളിക്കാനാണ് ക്ലബുകളുടെ പദ്ധതി. ഈ രാജ്യങ്ങളിൽ ക്രിക്കറ്റ് കൂടുതൽ ജനകീയമാക്കുകയാണ് ഉദ്ദേശ്യം. ഇവിടെ കളിക്കുന്ന മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ 20 ശതമാനം ഓഹരി ബിസിസിഐയ്ക്ക് നൽകാമെന്നും ടീമുകൾ അറിയിച്ചിട്ടുണ്ട്. ബിസിസിഐ ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനം എടുക്കുമെന്നാണ് വിവരം.
മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.
ഇത്തവണ ഡബിൾ ഹെഡറുകൾ ഞായറാഴ്ച മാത്രമേയുള്ളൂ. ശനിയാഴ്ചത്തെ രണ്ട് മത്സരങ്ങൾ ഒഴിവാക്കി. ആറ് ഞായറാഴ്ചകളിൽ മാത്രമാണ് ഡബിൾ ഹെഡറുകൾ ഉള്ളത്. അതുകൊണ്ട് തന്നെ 50 ദിവസങ്ങൾ നീളുന്ന സീസണായിരിക്കും ഇത്തവണ ഉണ്ടാവുക. നേരത്തെ, 29ന് ഐസിസിയുടെ വാർഷിക മീറ്റിംഗ് ഉള്ളതുകൊണ്ട് അന്ന് തന്നെ ഐപിഎൽ തുടങ്ങുന്നത് അനിശ്ചിതത്വത്തിലാണെന്ന് സൂചന ഉണ്ടായിരുന്നു. ഈ റിപ്പോർട്ടുകളെ തള്ളിയാണ് ബിസിസിഐ സമയക്രമം പുറത്തുവിട്ടത്.
Story Highlights: IPL franchises request BCCI to play their off-season matches in US, Canada and Singapore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here