നെടുങ്കണ്ടം കസ്റ്റഡി മരണം ; സിബിഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, പ്രതികള്‍ക്ക് ജാമ്യം

നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്ത സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
നേരെത്തെ അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റിലായ പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി മരണക്കേസിലെ പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരടക്കം ആറ് പേരെ അറസ്റ്റ് ചെയ്ത സിബിഐ നടപടിയിലാണ് പ്രതിഭാഗം നിയമപ്രശ്‌നം ഉന്നയിച്ചത്. കേസിലെ ഒന്നാം പ്രതി എസ്‌ഐ കെ എ സാബുവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നാണ് സാബുവിനെ വീണ്ടും അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കേസില്‍ മറ്റ് ആറ് ഉദ്യോഗസ്ഥരെ കക്ഷി ചേര്‍ത്തിരുന്നില്ല. മറ്റ് പ്രതികളുടെയും ജാമ്യം നിലനില്‍ക്കില്ലെന്ന വാദമാണ് സിബിഐ ഉന്നയിച്ചത്. എന്നാല്‍ ഹൈക്കോടതി നല്‍കിയ ജാമ്യം നിലനില്‍ക്കെയാണ് പ്രതികളെ വീണ്ടും എറണാകുളം സിബിഐ കോടതി റിമാന്‍ഡ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യ ഉത്തരവ് മേല്‍കോടതികളില്‍ ഒരിടത്തും സിബിഐ ചോദ്യം ചെയ്തിട്ടില്ല. പ്രതികളെ അന്യായമായാണ് അറസ്റ്റ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. എഎസ്‌ഐ സി ബി റെജിമോന്‍, പൊലീസ് ഡ്രൈവര്‍മാരായ എസ് നിയാസ്, സജീവ് ആന്റണി, സിപിഒ ജിതിന്‍ കെ. ജോര്‍ജ്, എ എസ്‌ഐ റോയി പി വര്‍ഗീസ്, ഹോംഗാര്‍ഡ് കെ എം ജെയിംസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
Story Highlights- Nedumkandam custody death, High Court Criticism , CBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here