അവിനാശി അപകടം ; മരിച്ചവരുടെ സംസ്‌കാരചടങ്ങുകള്‍ ഇന്ന്

അവിനാശി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അപകടത്തില്‍ മരിച്ചവരുടെ ചേതനയറ്റ ശരീരങ്ങള്‍ വീടുകളിലേക്ക് എത്തി തുടങ്ങിയതോടെ വൈകാരികമായ പ്രതികരണങ്ങള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്.

തൃശൂര്‍ എരുമപ്പെട്ടി സ്വദേശി അനുവിന്റെ മൃതദേഹമാണ് ആദ്യം നാട്ടിലെത്തിച്ചത്. കഴിഞ്ഞ ജനുവരി 19 ന് വിവാഹിതയായ അനു വിദേശത്തേക്ക് ജോലിക്ക് പോകുന്ന ഭര്‍ത്താവ് സിന്‍ജോയെ യാത്രയാക്കാന്‍ നാട്ടിലേക്ക് വരുന്നതിനിടക്കാണ് അപകടത്തില്‍പ്പെട്ടത്. അനുവിന്റെ സംസ്‌കാരം ഇന്ന് ഇയ്യാലില്‍ നടക്കും. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ സ്നൂക്ക് ഇന്ത്യയില്‍ ജോലി ചെയ്തുവരികയായിരുന്ന ഹനീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ തൃശൂര്‍ പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു  ഹനീഷ്.

പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായാണ് രണ്ട് ദിവസത്തെ അവധിയെടുത്ത് അരിമ്പൂര്‍ സ്വദേശി യേശുദാസ് നാട്ടിലേക്ക് യാത്ര തിരിച്ചത്. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തെ തനിച്ചാക്കിയാണ് യേശുദാസിന്റെ മടക്കം. മൃതദേഹം ഇന്ന് അരിമ്പൂര്‍ കപ്പല്‍ പള്ളിയില്‍ സംസ്‌കരിക്കും. രാത്രി നാട്ടിലെത്തിച്ച ചാവക്കാട് അണ്ടത്തോട് സ്വദേശി നസീഫ് മുഹമ്മദിന്റെ മൃതദേഹം അണ്ടത്തോട് ജുമാമസ്ജിദില്‍ സംസ്‌കരിച്ചു. രാത്രി പത്ത് മണിയോടെ് വീട്ടിലെത്തിച്ച ചിയ്യാരം സ്വദേശി ജോഫി പോളിന്റെയും ഒല്ലൂര്‍ സ്വദേശി ഇഗ്നി റാഫേലിന്റെയും സംസ്‌കാരചടങ്ങുകള്‍ അടുത്ത ദിവസമാകും നടക്കുക. 10 ദിവസം മുന്‍പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഇഗ്‌നി ഭാര്യയുടെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി മടങ്ങും വഴിയാണ് അപകടത്തില്‍ പെട്ടത്. ഭാര്യ ബിന്‍സി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂരില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി എ സി മൊയ്തീന്‍ മൃതദേഹങ്ങളില്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ രാജന്‍, എംഎല്‍എമാരായ അനില്‍ അക്കര, കെവി അബ്ദുള്‍ഖാദര്‍, കളക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്ത്യമോപചാരമര്‍പ്പിച്ചു.

അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും മൃതദേഹം ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കെഎസ്ആര്‍ടിസി സൗത്ത് ബസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടര്‍ എസ് സുഹാസ് റീത്ത് സമര്‍പ്പിച്ചു.

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ കണ്ടക്ടര്‍ വി ആര്‍ ബൈജുവിന്റെ മൃതദേഹം രാവിലെ ഒന്‍പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഡ്രൈവര്‍ വി ഡി ഗിരീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ 12 മണിയോടെ പെരുമ്പാവൂര്‍ ഒക്കലിലിലെ എസ്എന്‍ഡിപി ശ്മശാനത്തിലാണ് നടക്കുക. ബംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്‌കാര ചടങ്ങുകളും ഇന്ന് രാവിലെ നടക്കും.

Story Highlights- Avinashi KSRTC bus accident;

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top