അവിനാശി അപകടം ; അശ്രദ്ധയുണ്ടായെന്ന് ഡ്രൈവറുടെ മൊഴി

അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ച് കയറി 19 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനെ തുടര്‍ന്നാണ് കേസ്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ ഹേമരാജ് ആദ്യം നല്‍കിയ മൊഴി മോട്ടര്‍ വാഹന വകുപ്പ് തള്ളി. ഡ്രൈവിംഗിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്ന് ഹേമരാജ് തമിഴ്‌നാട് പൊലീസിന് മൊഴി നല്‍കി.  ഡിവൈഡിറില്‍ കയറിയ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുയായിരുന്നു എന്നും ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.

 

Story Highlights- Avinashi KSRTC bus accident,  Driver’s statement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top