Advertisement

ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച: ആദ്യ ദിനം അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടം

February 21, 2020
Google News 1 minute Read

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസാണ് എടുത്തിരിക്കുന്നത്. അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ക്രീസിൽ. ന്യൂസിലൻഡിനായി അരങ്ങേറ്റക്കാരൻ കെയിൽ ജെമീസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പുൽമൈതാനം ഒരുക്കിയിരുന്ന വെല്ലിംഗ്ടണിലെ പിച്ചിൽ പ്രവചനങ്ങൾ പുലരുന്ന കാഴ്ചയാണ് കണ്ടത്. പേസും ബൗൺസും ഒരുപോലെ സമ്മേളിച്ച പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ മത്സരിച്ച് കൂടാരം കയറി. അഞ്ചാം ഓവറിൽ പൃഥ്വി ഷാ (16) യുടെ വിക്കറ്റോടെയാണ് ഇന്ത്യയുടെ തകർച്ച തുടങ്ങുന്നത്. ഷായെ ടിം സൗത്തി ക്ലീൻ ബൗൾദാക്കി. ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാരായ ചേതേശ്വർ പൂജാര (11), വിരാട് കോലി (7) എന്നിവരെ പുതുമുഖം കെയിൽ ജെമീസൺ പുറത്താക്കി. പൂജാരയെ വാറ്റ്ലിംഗ് പിടികൂടിയപ്പോൾ കോലി റോസ് ടെയ്‌ലറുടെ കൈകളിൽ അവസാനിച്ചു.

നാലാം വിക്കറ്റിൽ മായങ്ക് അഗർവാൾ-അജിങ്ക്യ രഹാനെ സഖ്യം 48 റൺസ് കൂട്ടിച്ചേർത്തു. 34 റൺസെടുത്ത അഗർവാളിനെ ജെമീസണിൻ്റെ കൈകളിലെത്തിച്ച ട്രെൻ്റ് ബോൾട്ട് ആ കൂട്ടുകെട്ട് തകർത്തു. ഹനുമ വിഹാരി (7)ക്കും പിടിച്ചു നിൽക്കാനായില്ല. ജെമീസണു മൂന്നാം വിക്കറ്റ് സമ്മാനിച്ച വിഹാരി വാറ്റ്ലിംഗിൻ്റെ കൈകളിൽ അവസാനിച്ചു. ആറാം വിക്കറ്റിൽ ഋഷഭ് പന്ത്-അജിങ്ക്യ രഹാനെ സഖ്യം 21 റൺസ് കൂട്ടിച്ചേർക്കവേ മഴ എത്തി. ഇതോടെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. രഹാനെ (38), പന്ത് (10) എന്നിവർ ക്രീസിൽ തുടരുകയാണ്. ആദ്യ ദിനം 55 ഓവറുകൾ മാത്രമാണ് എറിഞ്ഞത്.

Story Highlights: India New Zealand test day 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here