Advertisement

സ്മൃതി മന്ദനക്ക് പരുക്ക്; ഇന്ത്യക്ക് ആശങ്ക

February 21, 2020
Google News 1 minute Read

സ്റ്റാർ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനക്ക് പരുക്ക്. വനിതാ ടി-20 ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഫീൽഡ് ചെയ്യുമ്പോഴാണ് മന്ദനക്ക് പരുക്കേറ്റത്. ഇടതു തോളിന് പരുക്കേറ്റ മന്ദന ഫീൽഡിലേക്ക് തിരികെ വന്നെങ്കിലും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തതയില്ല.

ഓസീസ് ഇന്നിംഗ്സിൻ്റെ ആദ്യ ഓവറിൽ തന്നെ മന്ദനക്ക് പരുക്കേറ്റു. ദീപ്തി ശർമ്മ എറിഞ്ഞ ഓവറിൻ്റെ അഞ്ചാം പന്തിൽ എലിസ ഹീലി അടിച്ച ഷോട്ട് ബൗണ്ടറി ലൈനിൽ ഡൈവ് ചെയ്ത് തടഞ്ഞ മന്ദന പരസ്യ ബോർഡിൽ ഇടിക്കുകയായിരുന്നു. ഇടതു തോളിനു പരുക്കേറ്റ മന്ദനയെ ടീം ഫിസിയോ പരിശോധിച്ചു. ശേഷം ആ ഓവറിൽ ഫീൽഡിൽ തന്നെ തുടർന്നെങ്കിലും ഓവർ അവസാനിച്ചപ്പോൾ മന്ദന ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സ തേടിയ മന്ദന ഇടക്ക് ഫീൽഡിലേക്ക് തിരികെ വന്നെങ്കിലും പരുക്കിനെപ്പറ്റിയുള്ള അപ്ഡേറ്റ് ടീം ഇന്ത്യ അറിയിച്ചിട്ടില്ല.

അതേ സമയം, മത്സരത്തിൽ ഇന്ത്യ 17 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 115 റൺസിന് ഓൾ ഔട്ടായി. ബാറ്റിംഗിൽ പരാജയം നേരിട്ട ഇന്ത്യ ബൗളർമാരുടെ മികച്ച പ്രകടനത്തിൻ്റെ ബലത്തിലാണ് ജയം കുറിച്ചത്. ഇന്ത്യക്കായി പൂനം യാദവ് നാലു വിക്കറ്റുകളും ശിഖ പാണ്ഡെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ ഷഫാലി വർമ്മയും (15 പന്തുകളിൽ 29) സ്മൃതി മന്ദനയും ചേർന്ന് 41 റൺസിൻ്റെ മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ അടിപതറിയത് തിരിച്ചടിയാവുകയായിരുന്നു. ജെമീമ റോഡ്രിഗസ് (33 പന്തുകളിൽ 26), ഹർമൻപ്രീത് കൗർ (2) എന്നിവർക്കൊന്നും മികച്ച പ്രകടനം നടത്താനായില്ല. 46 പന്തുകളിൽ 49 റൺസെടുത്ത് പുറത്താവാതെ നിന്ന ദീപ്തി ശർമ്മയാണ് ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത്.

Story Highlights: Injury scare for Smriti Mandhana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here