കൃഷിയിടത്തിൽ മധ്യവയസ്‌കൻ കുഴഞ്ഞ് വീണു മരിച്ചു; ദേഹമാസകലം പൊള്ളൽ

മലപ്പുറം തിരുനാവായയിൽ കൃഷിയിടത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ സ്വദേശി കുറ്റിയത്ത് സുധികുമാർ ആണ് മരിച്ചത്. മരണകാരണം സൂര്യാഘാതം ആണെന്ന് സംശയം.

അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് ഡിഎംഒ. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തിരുനാവായ സ്വദേശി 43കാരനായ കുറ്റിയത്ത് സുധികുമാറിനെയാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറുമണി മുതൽ ജോലിക്കാർക്കൊപ്പം സുധികുമാറും കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നു. 9 മണിയോടെ മറ്റുള്ളവർ ജോലി നിർത്തി തിരികെ കയറിയെങ്കിലും കൊയ്ത്ത് മെഷിനുമായി ബന്ധപ്പെട്ട് സുധികുമാർ ജോലി തുടരുകയായിരുന്നു. പിന്നീട് സുധികുമാറിനെ കാണാതായതോടെ മറ്റുള്ളവർ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന സുധികുമാറിനെ കണ്ടെത്തിയത്.

ശരീരം പൊള്ളലേറ്റ് കരുവാളിച്ച നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, മരണ കാരണം സൂര്യാതാപം ഏറ്റതാണെന്ന് പറയാനാകില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണ കാരണം അറിയാനാകൂ. മരണശേഷവും ശരീരത്തിൽ പൊള്ളലുണ്ടാകാൻ സാധ്യതയുണ്ടന്നും ഡിഎംഒ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top