കുട്ടനാട് സീറ്റ് ചർച്ച; മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ആലപ്പുഴയിൽ

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ആലപ്പുഴയിൽ. കേരള കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിനൊപ്പം, സീറ്റ് ഏറ്റെടുത്താലുണ്ടാകുന്ന സാധ്യതകളെക്കുറിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വവുമായും മുല്ലപ്പള്ളി ചർച്ചകൾ നടത്തും. കുട്ടനാട്ടിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക തയാറാക്കി, 25 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ചർച്ച നടത്താനാണ് തീരുമാനം.

പൊതു തെരഞ്ഞെടുപ്പിന് മുമ്പെ, അവസാന ലാപ്പിൽ കരുത്ത് കാട്ടാൻ ലഭിക്കുന്ന സുവർണ്ണാവസരമാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരള കോൺഗ്രസിന് സീറ്റ് നൽകിയാൽ അവരിലെ ഒരു വിഭാഗം തന്നെ കാലുവാരും എന്നതിൽ സംശയം തെല്ലും വേണ്ട. അതിനാലാണ് ജോസ് ജോസഫ് വിഭാഗങ്ങളെ അനുനയിപ്പിച്ച് കുട്ടനാട് ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ കുട്ടനാട്ടിൽ ആര് കോൺഗ്രസ് സ്ഥാനാർത്ഥിയാകും എന്ന കാര്യത്തിലെ പ്രാഥമിക ചർച്ചകൾക്കാണ് മുല്ലപ്പള്ളി ഇന്ന് ആലപ്പുഴയിലെത്തുന്നത്. മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കന്റെ പേരിനൊപ്പം
ജയസാധ്യതയുള്ള സ്ഥാനാർഥി പട്ടികയിൽ മുന്നിൽ നിൽക്കുന്നത് യൂത്ത് കോൺഗ്രസ് നേതാവ് സജി ജോസഫ് ആണ്. പ്രാദേശികമായ സ്വീകാര്യതയും ചെറുപ്പവും സജിക്ക് സാദ്ധ്യത കൂട്ടുന്നുണ്ട്.പിന്നീട് വരുന്ന പേരുകളിൽ പ്രധാനി ഡിസിസി അധ്യക്ഷൻ എം.ലിജു തന്നെയാണ്.

സ്ഥാനാർഥി നിർണയം പാളിയതുകൊണ്ട് വട്ടിയൂർക്കാവിലും കോന്നിയിലും സിറ്റിംഗ് സീറ്റുകളിൽ പരാജയപ്പെട്ടതിന്റെ അനുഭവം കോൺഗ്രസിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് കുട്ടനാട്ടിൽ കാലേകൂട്ടിയുള്ള ഒരുക്കങ്ങൾക്ക് കെപിസിസി പ്രഡിസന്റ് നേരിട്ട് എത്തുന്നതും. എന്നാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനോട് ജോസ് വിഭാഗത്തിന് ഉള്ളിൽ കാര്യമായ എതിർപ്പില്ലെങ്കിലും, ജോസഫ് നിലപാട് ഇതുവരെ മയപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം.

Story Highlights- Mullappally Ramachandran,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top