Advertisement

കുഞ്ഞുങ്ങളിലെ അമിത വണ്ണം വിരൽ ചൂണ്ടുന്നത് എന്തിലേക്ക് ?

February 23, 2020
Google News 4 minutes Read

തടി കൂടുക, കുറയുക എന്നത് കാര്യമാക്കേണ്ട ഒന്നല്ല. ബോഡി ഷെയിമിംഗ് മനുഷ്യന്റെ ആത്മവിശ്വാസത്തെ തന്നെ ഒരു ആയുഷ്‌ക്കാലം മുഴുവൻ മുറിവേൽപ്പിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ തടി കൂടുന്നതും കുറയുന്നതും വലിയ ചർച്ചാ വിശയമാക്കേണ്ടതില്ല എന്ന അവബോധമാണ് പൊതുസമൂഹത്തിനുണ്ടാവേണ്ടത്. ഈ അടുത്ത കാലത്ത് കുടുംബാംഗങ്ങളെ വല്ലാതെ അലട്ടുന്ന പ്രശ്‌നമായി മാറിയിരിക്കുന്നത് കൊച്ചു കുഞ്ഞുങ്ങളിലെ അമിത വണ്ണമാണ്. ജീവിതശൈലി രോഗമെന്നതിനപ്പുറത്ത് ഒരുപാട് ഘടകങ്ങൾ കുഞ്ഞുങ്ങളുടെ പൊണ്ണത്തടിക്ക് കാരണമാകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. കുട്ടികളിലെ പൊണ്ണത്തടിയും ഇതിന് പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും നിർദേശിക്കുന്നു തിരുവനന്തപുരം ലോർഡ്‌സ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ അഫ്‌സാനാ നിസാർ.

അമ്മയുടെ ഗർഭകാലം

Union Cabinet approves amendments in Surrogacy Regulation Bill

അമ്മമാർ ഗർഭകാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളും കുട്ടികളെ സ്വാധീനിക്കുമെന്നാണ് ഇപ്പോഴുള്ള പഠനങ്ങൾ പറയുന്നത്. കുട്ടികളുടെ രുചികളോടുള്ള താത്പര്യങ്ങൾ വരെ സ്വാധീക്കാൻ ഗർഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് കഴിയും. ഗർഭിണികൾ ഭക്ഷണം കഴിക്കുമ്പോൾ തന്നെ ആലോചിക്കുക, ഇത്തരം ഭക്ഷണങ്ങളോട് പുറത്ത് വരുന്ന കുഞ്ഞിന് താത്പര്യം കൂടുമെന്ന്. എന്നിട്ട് അതിന് അനുസരിച്ചുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.

ഫോർമുലാ ഫൂഡും പൊണ്ണത്തടിയും

വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ ഒറ്റക്ക് ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കണം. ഒരു വയസിൽ തന്നെ കുട്ടികളെ ടേബിളിൽ ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിക്കുന്നത് നല്ലതാണ്. ആറ് മാസം മുലപ്പാൽ മാത്രം നൽകിയ ശേഷം അധികം വൈകാതെ ഒരു വയസിനടുപ്പിച്ച് തന്നെ കുട്ടികളെ ടേബിളിന് മുന്നിൽ കൊണ്ടെത്തിക്കുന്നത് അമ്മമാർ ഒരു ലക്ഷ്യമായി കണക്കാക്കണം.

എന്നാൽ ആ ട്രാൻസിഷൻ ഇക്കാലത്ത് ശരിയായി നടക്കുന്നില്ല. കുട്ടികൾക്ക് അമ്മമാർ പാൽ കൊടുക്കുന്നത് കുറവാണ്. ഫോർമുലാ ഫൂഡാണ് (സിമിലാക്ക്, നാൻ പ്രോ, തുടങ്ങിയ കൃത്രിമായ പാൽപ്പൊടികൾ ഉപയോഗിച്ച് തയാറാക്കുന്നവ) കുട്ടികൾക്ക് അധികവും നൽകാറ്. ഇത്തരം കൃത്രിമമായി തയാറാക്കുന്ന ഭക്ഷണം കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വാഭാവികമായും തടി കൂടും. ഇത്തരക്കാർക്ക് ഭാവിയിൽ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ജീവിത രീതി

ഉദാസീനമായ ജീവിത രീതിയാണ് ( sedentary life style) ആണ് മിക്ക ആളുകളും ഇക്കാലത്ത് പിന്തുടരുന്നത്. അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വലിയവരെ അനുകരിച്ചുള്ള ഭക്ഷണ രീതിയും ആക്ടിവിറ്റികളും തന്നെയാണ് കുട്ടികളും പിന്തുടരുക. മുതിർന്നവരുടെ ഭക്ഷണ ശീലങ്ങൾ എങ്ങനെ ഉണ്ടാകുമോ, കുട്ടികളുടെയും അത്തരത്തിലുള്ളത് തന്നെ ആയിരിക്കും. ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങളുള്ള കുടുംബത്തിൽ പൊണ്ണത്തടിയുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

നമ്മൾ കാണിച്ചു കൊടുക്കുന്ന പോലെയാണ് കുട്ടികൾ ചെയ്യുക. അതിപ്പോ പല്ല് തേക്കുന്നതായാലും, ഭക്ഷണം കഴിക്കുന്നതായാലും.

ഫാസ്റ്റ്ഫുഡും പൊണ്ണത്തടിയും

ആറ് തൊട്ട് പതിനൊന്ന് വയസ് വരെ ഉള്ളവരിലാണ് പൊണ്ണത്തടി വ്യാപകമായി കാണുന്നത്. പൊണ്ണത്തടി ചെറുപ്പക്കാലത്ത് തന്നെ തിരിച്ചറിയപ്പെടുന്നില്ല. വളർച്ച മോണിറ്റർ ചെയ്യപ്പെടുന്നില്ല. പ്രീ സ്‌കൂൾ പ്രായത്തിൽ കുട്ടികൾ എത്തുമ്പോഴാണ് മിക്കപ്പോഴും രക്ഷിതാക്കൾ കുട്ടിയുടെ ഭാരവും തടിയും ശ്രദ്ധിക്കുക.

Filipino girl peering at donuts on table

മിക്ക വീടുകളിലും പ്രീ കുക്ക്ഡ് ആയ ഭക്ഷണങ്ങളോ മറ്റ് ബേക്കറി വസ്തുക്കളോ ഉണ്ടാകും. പാശ്ചാത്യ രീതിയിലുള്ള ഭക്ഷണങ്ങളാണ് കുട്ടികൾക്ക് പ്രിയം. രക്ഷിതാക്കൾ കുട്ടി ഇഷ്ടമുള്ളത് കഴിച്ചോട്ടെ എന്നും കരുതും. പക്ഷെ പൊണ്ണത്തടിയെ അറിയാതെ തന്നെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ രക്ഷിതാക്കൾ ചെയ്യുന്നത്. പച്ചക്കറിയും മറ്റും ഇപ്പോൾ കുട്ടികൾ കഴിക്കാറേ ഇല്ല. കൂടുതലായി ചിക്കൻ കഴിക്കുന്നതും പൊണ്ണത്തടിക്ക് കാരണമാകും.

കുട്ടിക്കാലത്തേ നിയന്ത്രിച്ചില്ലെങ്കിൽ അമിത ഭാരം കൗമാരപ്രായത്തിലും യൗവനത്തിലും പിന്തുടരും. ഇത് പല ജീവിത ശൈലി രോഗങ്ങൾക്കും വഴിവയ്ക്കും.

ഉറക്കവും അമിതഭാരവും

കുട്ടികളിലെ ഉറക്കത്തിന്റെ കുറവ് പൊണ്ണത്തടി കൂട്ടും. കുഞ്ഞുങ്ങൾക്ക് ശരിയായ സമയത്ത് ശരിയായ ഉറക്കം ലഭിച്ചിരിക്കണം. ശരീരത്തിലെ മെറ്റബോളിസവും ഉറക്കവും തമ്മിൽ ബന്ധമുണ്ട്. മെറ്റബോളിസം ശരിയായി നടക്കുക ഉറങ്ങുന്ന സമയത്താണ്. പക്ഷേ വീട്ടിലുള്ളവരുടെ ഉറക്കത്തിന്റെ പാറ്റേൺ കുട്ടികളും ശീലമാക്കുന്നത് സ്വാഭാവികം. രാത്രി വളരെ വൈകി കിടക്കുകയും രാവിലെ വൈകി എണീക്കുകയും ചെയ്യുന്ന ശീലം കുട്ടികളെ ദോഷകരമായ രീതിയിൽ ബാധിക്കും. ഉറക്കത്തിന് പ്രശ്നമുള്ള കുട്ടികൾക്ക് പൊണ്ണത്തടി വന്നാൽ അത് പോകാൻ വളരെ പാടാണ്.

ഭക്ഷണം കഴിക്കുന്ന സ്ഥലവും പൊണ്ണത്തടിയും

മൊബൈലിനും ടിവിക്കും മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിലേക്കുള്ള തലച്ചോറിന്റെ ശ്രദ്ധ കുറയും. വയറ് നിറഞ്ഞ തോന്നൽ (satity value)
അത് കുറക്കും. ടേബിളിൽ എല്ലാവർക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

മൊബൈലിന്റെയും ടിവിയുടെയും മുൻപിലിരിക്കുന്ന സമയത്ത് കുട്ടികൾക്ക് ഭക്ഷണം നൽകാതിരിക്കുക. കൂടാതെ വ്യായാമം ചെയ്യാനുള്ള മടിയും ഇക്കാലത്തെ കുട്ടികൾക്ക് കൂടുതലാണ്.

മാനസിക സന്തോഷവും ഭക്ഷണം കഴിക്കലും

മാനസിക സന്തോഷം നൽകുന്ന തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്റർ ആയ ‘സെറാട്ടോണിൻ’ ഭൂരിഭാഗവും ഉത്പാദിപ്പിക്കപ്പെടുന്നത് കുടലിലും വയറിന്റെ ഭാഗങ്ങളിലുമാണ്. അതിനാൽ കുട്ടികളുടെ മാനസിക അവസ്ഥയെ പോലും കഴിക്കുന്ന ഭക്ഷണം ബാധിക്കും, പൊണ്ണത്തടിയുള്ള കുട്ടികളുടെ മാനസിക അവസ്ഥയെ ഇത് പ്രശ്നത്തിലാക്കും. കൂടാതെ പൊണ്ണത്തടി വന്നതിന് ശേഷം ആളുകൾക്കുള്ള മനോഭാവവും കുട്ടിയെ ബാധിക്കുന്നതാണ്. ഇത് പലവിധ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കും. നല്ല ആഹാരമാണ് ശരീരത്തിനും മനസിനും ഉള്ള നല്ല ഊർജം.

കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കാനുള്ള ചില നിർദേശങ്ങൾ

  • ഒരു മണിക്കൂർ ശരീരം അനങ്ങിയുള്ള വ്യായാമം ദിവസവും കുട്ടികൾക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. രക്ഷിതാക്കളും പുറത്തിറങ്ങി വ്യായാമത്തിൽ ഏർപ്പെടുക, കുട്ടികളെയും അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.

 

  • നീന്തലും സൈക്കിളിംഗും മെറ്റാബോളിസം ക്രമപ്പെടുത്താൻ മറ്റും നല്ലതാണ്. അല്ലെങ്കിൽ കുട്ടികളെ കളിക്കാൻ പുറത്തേക്ക് അയക്കുക.

 

  • മൊബൈൽ, ടി വി, ഉപയോഗം (സ്‌ക്രീൻ ടൈം) കുറക്കുക

 

  • പുറത്തേക്ക് പോകുമ്പോൾ കുഞ്ഞിനെ ചെറിയൊരു സ്നാക്ക് കഴിപ്പിച്ച് ഇറക്കുക. വയർ ഒഴിഞ്ഞിരിക്കുമ്പോഴാണ് കുട്ടികൾ പുറത്തിറങ്ങുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത്.

 

  • വീട്ടിൽ ബേക്കറി ഭക്ഷണങ്ങൾ സ്റ്റോർ ചെയ്യുന്നത് ഒഴിവാക്കുക. ഇക്കാലത്ത് ആവശ്യമുള്ളപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്താൽ ഭക്ഷണം വരുത്താവുന്നതേ ഉള്ളൂ. പുറത്ത് പോയി ട്രീറ്റ് കൊടുക്കുന്നത് കുറക്കുക.

 

  • ആരോഗ്യകരമായ മധുര പലഹാരങ്ങളും മറ്റും വീട്ടിൽ തന്നെ ഉണ്ടാക്കി മിതമായ അളവിൽ നൽകാം (ഉദാ- റവ ലഡു, കാരറ്റ് ബർഫി)

 

  • കൂടുതൽ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക. പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക. (ഉദാ: ഗോതമ്പ് പൊടിയോടൊപ്പം മറ്റ് ധാന്യപ്പൊടികൾ ചേർത്ത ചപ്പാത്തി, കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തി വീട്ടിൽ ഉണ്ടാക്കിയ പിസ്സ)

 

  • കുട്ടി നന്നായി വെള്ളം കുടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

 

  • കുട്ടികൾക്ക് മലബന്ധം ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.

 

  • കുട്ടികൾക്ക് നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കുക.

 

  • തടിയുണ്ടെങ്കിലും കുട്ടികളെ അതിനെക്കുറിച്ച് അമിത ശ്രദ്ധാലു ആക്കാതിരിക്കുക.

 

  • നല്ല ഭക്ഷണത്തിലേക്ക് കുട്ടിയുടെ ശ്രദ്ധ തിരിക്കുക.

 

Story Highlights- Fat, Obesity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here