Advertisement

പെരിയ ഇരട്ടക്കൊലപാതകക്കേസ്; അന്വേഷണം താത്കാലികമായി നിർത്തിവച്ച് സിബിഐ

February 24, 2020
Google News 1 minute Read

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം താത്കാലികമായി നിർത്തിവച്ച് സിബിഐ. സർക്കാരിന്റെ റിട്ട് അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയതിനാലാണ് നടപടി. അന്വേഷണം മരവിപ്പിക്കാൻ ഹൈക്കോടതി വാക്കാൽ നിർദേശിച്ചതായി സിബിഐ വ്യക്തമാക്കി. കേസ് സിബിഐക്ക് വിടരുതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ അപ്പീൽ.

ഇന്ന് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്ലാലിന്റെയും കൃപേഷിന്റെ കുടുംബാംഗങ്ങൾ കൊച്ചിയിലെ സിബിഐ ഓഫിസിന് മുന്നിൽ സത്യഗഹ സമരം നടത്തിയിരുന്നു. സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം. ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ നൽകിയിട്ടില്ലെങ്കിലും അന്വേഷണം മരവിച്ച അവസ്ഥയിലാണ്.

Read Also: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായിട്ട് ഒരു വര്‍ഷം തികയുന്നു

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സംസ്ഥാന പൊലീസ് തയാറാക്കിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് സിബിഐക്ക് കൈമാറി ഉത്തരവുമിട്ടു. പിന്നീട് കേസ് രേഖകൾ സംസ്ഥാന പൊലീസ് സിബിഐക്ക് കൈമാറാൻ തയാറാവുന്നില്ലെന്നുകാട്ടി മാതാപിതാക്കൾ കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്നാണ് കഴിഞ്ഞ വർഷം ഒക്ടോബർ 25ന് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സർക്കാർ അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതി തള്ളി. തുടർന്ന് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഈ ഹർജിയിൽ വിധി പറയാനിരിക്കുകയാണ്. സുപ്രിംകോടതി സ്റ്റേ അനുവദിച്ചിട്ടില്ലെങ്കിലും അന്വേഷണം തടസപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളും സഹോദരിമാരുമുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പെരിയയിൽ നിന്ന് കൊച്ചിയിലെ സിബിഐ ഓഫിസിന് മുന്നിലെത്തി സത്യഗ്രഹ സമരം നടത്തിയത്. കേസിലെ ഉന്നത ഗൂഡാലോചന പുറത്തുവരണം. സിബിഐ അന്വേഷണത്തിലൂടെയേ മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കാനാവൂ എന്ന് ശരത്ലാലിന്റെ കുടുംബാംഗം പറഞ്ഞു.

കേസ് അട്ടിമറിക്കാൻ സർക്കാർ ആസൂത്രിത ഗൂഡാലോചന നടത്തുകയാണെന്ന് കൃപേഷിന്റെ സഹോദരി പറഞ്ഞു. നീതി ലഭിക്കും വരെ പൊരുതുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സ്റ്റേയില്ലാത്ത പശ്ചാത്തലത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

 

periya double murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here