പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായിട്ട് ഒരു വര്‍ഷം തികയുന്നു

കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായിട്ട് ഒരു വര്‍ഷം. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതി തേടി നടത്തുന്ന നിയമപോരാട്ടവും തുടരുകയാണ്. കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 17 ന് വൈകുന്നേരമാണ് കൃപേഷും ശരത് ലാലും കൊലയാളി സംഘത്തിന്റെ ഇരകളാകുന്നത്. ലോക്കല്‍ പൊലീസിന്റെയും പിന്നീട് ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ പ്രാദേശിക സിപിഐഎം നേതാക്കളുള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായി. സിപിഐഎം ഏരിയാ, ലോക്കല്‍ സെക്രട്ടറിമാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചു. ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുവരാത്ത സാഹചര്യത്തില്‍ മക്കള്‍ക്ക് നീതി കിട്ടാനായുള്ള നിയമപോരാട്ടം തുടരുകയാണ് ഇരുവരുടെയും കുടുംബം.
കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ടത്. ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രം റദ്ദാക്കിയ കോടതി കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചടക്കം പരാമര്‍ശിച്ചാണ് അന്വേഷണം സിബിഐക്ക് വിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ നല്‍കാന്‍ കോടതി തയാറായിട്ടില്ല. തുടര്‍ന്ന് അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സിബിഐയുടെ മെല്ലപ്പോക്കിന് കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആശങ്ക.
സിബിഐക്കെതിരായ ഹര്‍ജിയില്‍ ഈ മാസം പതിനെട്ടിനകം കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ സിബിഐയോട് എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മക്കള്‍ നഷ്ടമായി ഒരു വര്‍ഷമാകുമ്പോഴും നീതിപീഠത്തില്‍ വിശ്വാസമര്‍പ്പിച്ചു കഴിയുകയാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍. ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പെരിയയിലും കല്യോട്ടുമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിപുലമായ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Story Highlights: PERIYA MURDER CASE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here