പിഎസ്എൽ മത്സരത്തിനിടെ ഡഗ് ഔട്ടിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗം: വിവാദം

പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ഡഗ് ഔട്ടിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച കറാച്ചി കിംഗ്സ് കോച്ചിംഗ് സ്റ്റാഫിൻ്റെ നടപടി വിവാദമാകുന്നു. കളിക്കളത്തിലെ വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഐസിസി നിയമപ്രകാരം നടത്തുന്ന ടൂർണമെൻ്റ് ആയതിനാൽ ഇത് നിയമലംഘനമാണെന്നും ക്രിക്കറ്റ് ലോകം നിരീക്ഷിക്കുന്നു.

ശനിയാഴ്ച പെഷവാർ സാൽമിയുമായുള്ള മത്സരത്തിനിടെയാണ് കറാച്ചി ടീം സിഇഓ തങ്ങളുടെ ഡഗ് ഔട്ടിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആരാധകരും കളിക്കാരും ക്രിക്കറ്റ് നിരീക്ഷകരുമൊക്കെ ഇതിനെ വിമർശിച്ചു. സംഭവം വിവാദമായതോടെ കറാച്ചി കിംഗ്സിൻ്റെ പരിശീലകൻ ഡീൻ ജോൺസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരണം അറിയിച്ചത്.

“എല്ലാ ടി-20 ക്രിക്കറ്റിലും എന്ന പോലെ മാനേജർക്കോ സിഇഓയ്ക്കോ മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളത്. ഈ കാര്യത്തിൽ, ഞങ്ങളുടെ സിഇഓ താരിഖ് ആണ് ഫോൺ ഉപയോഗിച്ചത്. ഞങ്ങളുടെ പരിശീലന സമയം ക്രമീകരിക്കുകയായിരുന്നു അദ്ദേഹം.”- ഡീൻ ജോൻസ് ട്വീറ്റ് ചെയ്തു.

ആഭ്യന്തര ടൂർണമെൻ്റ് ആയതിനാൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നാണ് ഐസിസിയുടെ നിലപാട്. ഇത് പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ അധികാര പരിധിയിൽ വരുന്ന സംഭവമാണെന്നും അത് അവർ തീർക്കേണ്ടതാണെന്നും ഐസിസി പറയുന്നു.

Story Highlights: ICC reacts after a mobile phone was used in Karachi Kings dugout in PSL 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top