ഡോണൾഡ് ട്രംപ് ഇന്ന് ഇന്ത്യയിൽ

അധികാരത്തിലിരിക്കെ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നാലു പ്രസിഡന്റുമാരാണ് ഇന്ത്യയിലെത്തിയത്.
1959 ലാണ് ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഡ്വൈറ്റ് ഡി ഐസനോവർ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്ന ഇന്ത്യയ്ക്ക് കൂടുതൽ സഹായം നൽകി സോവിയറ്റ് യൂണിയന്റെ സ്വാധീനം കുറക്കുകയായിരുന്നു ലക്ഷ്യം. പ്രധാനമന്ത്രി നെഹ്രുമായി കൂടിക്കാഴ്ച്ച നടത്തിയ ഐസനോവർ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
പത്ത് വർഷത്തിന് ശേഷം, അഥവാ 1969 ൽ ഇന്ത്യയിലെത്തിയ റിച്ചാർഡ് നിക്‌സനാണ് രാജ്യം സന്ദർശിച്ച രണ്ടാമത്തെ അമേരിക്കൻ പ്രസിഡൻറ്. ഇന്ത്യാപാക് ബന്ധം ഏറെ വഷളായിരുന്ന അക്കാലത്ത് പാകിസ്താനെ പിന്തുണച്ചിരുന്ന നിക്‌സൻറെ സന്ദർശനം വൻ പരാജയമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായള്ള ചർച്ചയിൽ ഒരു ധാരണയുമുണ്ടായില്ല. 1978 ലാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ഇന്ത്യ സന്ദർശിച്ചത്. മൊറാജി ദേശായിയിരുന്നു അന്നത്തെ പ്രധാനമന്ത്രി.
2000 ലെ ബിൽ ക്ലിൻഡൻറെ സന്ദർശനത്തോടെയാണ് ഇന്ത്യയും അമേരിക്കയും കൂടുതൽ അടുത്തത്. സോവിയറ്റ് യൂണിയന്റെ തകർച്ചയും, സാമ്പത്തികരംഗത്ത് തുടക്കം കുറിച്ച ഉദാവത്ക്കരണ നയങ്ങളും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ സ്ഥാനം പുനക്രമീകരിക്കപ്പെടുന്ന കാലമായിരുന്നു അത്. തുടർന്നിങ്ങോട്ട് അധികാരത്തിലെത്തിയ മുഴുവൻ പ്രസിഡന്റുമാരും ഇന്ത്യയിൽ സന്ദർശനത്തിനെത്തി. 2006 ലെ ജോർജ് ഡബ്ലു ബുഷിൻറെ സന്ദർശനത്തിലാണ് ഇന്ത്യ അമേരിക്ക ആണവകരാർ ഒപ്പുവെച്ചത്.
2010 ലും 2015 ലും ബറാക്ക് ഒബാമ ഇന്ത്യയിൽ സന്ദർശനം നടത്തി. 2015 റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തിയത്. അധികാരത്തിലിരിക്കെ രണ്ട് തവണ ഇന്ത്യ സന്ദർശിച്ച ഏക പ്രസിഡന്റ് കൂടിയാണ് ഒബാമ.
Story Highlights- Donald Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here