ലോകം പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമിച്ച റോക്കറ്റിൽ പറന്നു; 64കാരന് ദാരുണാന്ത്യം

ലോകം പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമിച്ച റോക്കറ്റിൽ പറന്ന 64കാരന് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോർണിയ മരുഭൂമിയിലേക്ക് പറപ്പിച്ച റോക്കറ്റ് തകർന്നാണ് മൈക്കൽ ഹ്യൂഗ്സ് എന്ന പരന്ന ഭൂമി സിദ്ധാന്തക്കാരൻ മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ബഹിരാകാശത്തേക്ക് കഴിയുന്നത്ര ദൂരം പറന്ന് ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു ഹ്യൂഗ്സിൻ്റെ ശ്രമം.
ഏതാണ്ട് 5000 അടി ഉയരത്തിൽ എത്താനായിരുന്നു ഹ്യൂഗ്സിൻ്റെ ശ്രമം. യുഎസ് സയൻസ് ചാനലിലെ ഹോംമേഡ് അസ്ട്രനോട്ട്സ് എന്ന പരിപാടിയുടെ ഭാഗമായി ഈ പറക്കലും അപകടവും ഷൂട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ റോക്കറ്റ് വിക്ഷേപിക്കുന്നതും പൊട്ടിത്തകരുന്നതും കാണാം. റോക്കറ്റിനു പിന്നിൽ ഒരു പാരച്യൂട്ട് വിടരുന്നതും കാണാം.
ഒരു സഹായിയോടൊപ്പമാണ് ഹ്യൂഗ്സ് ഈ റോക്കറ്റ് നിർമ്മിച്ചത്. ഏതാണ് 18000 യുഎസ് ഡോളർ ചെലവഴിച്ചായിരുന്നു നിർമ്മാണം. മുൻപും ഹ്യൂഗ്സ് ഇത്തരത്തിലുള്ള പറക്കലുകൾ നടത്തിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
Story Highlights: Man Dies Trying To Prove Earth Is Flat In Homemade Rocket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here