പി എസ് സി പരിശീലന കേന്ദ്രങ്ങളിൽ ക്ലാസെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി വിജിലൻസ്

kerala psc

സംസ്ഥാനത്തെ പി എസ് സി പരിശീലന കേന്ദ്രങ്ങളിൽ ക്ലാസെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി വിജിലൻസ്.
സർക്കാർ ഉദ്യോഗസ്ഥർ പി എസ് സി പരിശീലന കേന്ദ്രങ്ങൾ നിയന്ത്രിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പി എസ് സി ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനും വിജിലൻസ് ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്തുടനീളമുള്ള പി എസ് സി പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനാണ് വിജിലൻസ് നീക്കം. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഓൺലൈനിൽ പി എസ് സി പരീക്ഷാ പരിശീലനം നൽകിയ രണ്ടു ജയിൽ ജീവനക്കാരെ മൂന്ന് മാസം മുമ്പ് ജയിൽ മേധാവി ഡി ജി പി ഋഷിരാജ് സിംഗ് സസ്പെൻഡ് ചെയ്തിരുന്നു. നിരവധി ഉദ്യോഗസ്ഥർ ഇത്തരത്തിൽ പരിശീലനം നൽകുന്നുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. ഇവരെ കണ്ടെത്തി ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ വകുപ്പ് തല നടപടികൾക്കായി ശുപാർശ ചെയ്യുമെന്നും വിജിലൻസ് സംഘം വ്യക്തമാക്കി.

ചില പരീക്ഷാ കേന്ദ്രങ്ങളും പി എസ് സിയിലെ ജീവനക്കാരുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.പരീക്ഷയിൽ വരുന്ന ചോദ്യങ്ങൾ നേരത്തെ കേന്ദ്രങ്ങൾക്ക് ചോർത്തി നൽകുന്നുവെന്നായിരുന്നു ആരോപണം. ഈ പശ്ചാത്തലത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുന്ന പി എസ് സിയിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും വിജിലൻസ് ആലോചിക്കുന്നുണ്ട്.

നിലവിൽ പി എസ് സി പരിശീലന കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരായ ഷിബു കെ നായർ, രഞ്ജൻ രാജ് എന്നിവർക്കെതിരെ ഉടൻ വകുപ്പ് മേധാവികൾക്ക് റിപ്പോർട്ട് നൽകും. പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയും നിലവിൽ മുന്നോക്ക വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടഷനിലുമാണ് രഞ്ജൻ രാജ്. സർക്കാർ അനുവാദമില്ലാതെ ഇയാൾ എഴുതിയ പി എസ് സി പരിശീലന പുസ്തകം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇരുവരുടെയും സ്വത്ത് വിവരങ്ങൾ വിജിലൻസ് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

Story Highlights: vigilance to investigate government employees whom conduct classes for psc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top