പിഎസ്‌സി പരിശീലന കേന്ദ്രം നടത്തിപ്പ്; സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി

പിഎസ്‌സി പരിശീലന കേന്ദ്ര നടത്തിപ്പിൽ ബന്ധമുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ട സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥരായ ഷിബു കെ നായർ, രഞ്ജൻ രാജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കെഎഎസ് ഉദ്യോഗാർത്ഥികൾക്കായി രഞ്ജൻ രാജ് തയ്യാറാക്കിയ പുസ്തകവും വിജിലൻസ് സംഘം പിടിച്ചെടുത്തു.

പിഎസ്‌സിയുടെ ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവരുമായി തിരുവനന്തപുരത്തെ ചില കോച്ചിങ് സെന്ററുകൾക്ക് ബന്ധമുണ്ടെന്ന ഉദ്യോഗാർത്ഥികളുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം ശക്തമാക്കിയത്. കോച്ചിങ് സെന്ററുകളുടെ നടത്തിപ്പിൽ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും, ഇവർ പരിശീലന ക്‌ളാസുകൾ നടത്തുന്നുണ്ട് എന്നതിനും ചില തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയരായ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ രഞ്ജൻ രാജിന്റെയും, ഷിബു കെ നായരുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയത്.

ലക്ഷ്യ എന്ന കോച്ചിങ് സെന്ററിന്റെ നടത്തിപ്പിന് പിന്നിൽ ഷിബുവും, വീറ്റോ എന്ന സെന്റർ നടത്തുന്നത് രഞ്ജനുമെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ പരാതി. എന്നാൽ ഇരുവരും വിജിലൻസിന് മുന്നിൽ ആരോപണം നിഷേധിച്ചു. ഇവരുടെ സ്വത്തുവിവരങ്ങൾ പരിശോധിക്കുന്ന നടപടിയും വിജിലൻസ് ആരംഭിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും വിജിലൻസ് ആലോചിക്കുന്നുണ്ട്. തിരുവനന്തപുരത്തെ കോച്ചിങ് സെന്ററുകളെക്കുറിച്ച് മാത്രമാണ് പരാതിയെങ്കിലും സംശയമുള്ള എല്ലാ കോച്ചിങ് സെന്ററുകളെക്കുറിച്ചും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം. കോച്ചിങ് സെന്ററുകൾ പിഎസ്‌സിയുടെ പേര് ചേർക്കുന്നത് വിലക്കാൻ ഇന്ന് ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു. സർക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top