‘സ്നേഹിച്ചവർക്കും വെറുത്തവർക്കും നന്ദി’; ഈൽകോ ഷറ്റോരി നാട്ടിലേക്ക് മടങ്ങി

ഐഎസ്എൽ ആറാം സീസൺ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി നാട്ടിലേക്ക് മടങ്ങി. സ്നേഹിച്ചവർക്കും വെറുത്തവർക്കും നന്ദി അർപ്പിച്ചു കൊണ്ടാണ് ഷറ്റോരി നാട്ടിലേക്ക് മടങ്ങിയത്. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം എല്ലാവർക്കും നന്ദി അറിയിച്ചത്.

‘ഐഎസ്എൽ സീസൺ അവസാനിച്ചു. ഞാൻ നാട്ടിലേക്ക് മടങ്ങുന്നു. സ്നേഹിച്ചവരോടും വെറുത്തവരോടും ഞാൻ നന്ദി അറിയിക്കുന്നു. ദുഷ്കരമായ ഘട്ടങ്ങളിലും എന്നെ പിന്തുണച്ച കേരള ബ്ലാസ്റ്റേഴ്സിനും മഞ്ഞപ്പടക്കും നന്ദി. എനിക്ക് പറ്റുന്ന രീതിയിൽ ഈ സീസൺ മികച്ചതാക്കാൻ ഞാൻ ശ്രമിച്ചു. അടുത്ത സീസണിലും ഇത് തുടരാനാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.”- ഷറ്റോരി പറഞ്ഞു.

സീസണിൽ പോയിൻ്റ് പട്ടികയിൽ ഏഴാമതായാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. 18 മത്സരങ്ങളിൽ നിന്ന് 4 ജയവും 7 വീതം സമനിലയും തോൽവിയും സഹിതം 19 പോയിൻ്റുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. പരുക്കാണ് സീസണിൽ ബ്ലാസ്റ്റേഴ്സിനു തിരിച്ചടി ആയത്.

നേരത്തെ, രണ്ട് ഗോൾ കീപ്പർമാരെയും ഒരു ഡിഫൻഡറെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഒഡീഷ എഫ്സിയിൽ നിന്ന് ആൽബീനോ ഗോമസും ബെംഗളൂരു എഫ്സിയിൽ നിന്ന് പ്രബ്ഷുകൻ ഗില്ലും ജംഷഡ്പൂരിൻ്റെ സ്പാനിഷ് പ്രതിരോധ താരം ടിരിയും ടീമിലെത്തുമെന്നായിരുന്നു വിവരം. ഒപ്പം ഈ സീസണിൽ ഗോൾവല കാത്ത ടിപി രഹനേഷിനെ ഒഴിവാക്കുമെന്നും സൂചന ഉണ്ടായിരുന്നു.

സീസൺ തുടങ്ങും മുൻപ് തന്നെ സന്ദേശ് ജിങ്കന് പരുക്ക് പറ്റിയത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി. തുടർന്ന് ഏറെ പ്രതീക്ഷയോടെ മുംബൈ സിറ്റിയിൽ നിന്ന് ടീമിലെത്തിച്ച ജിയാനി സുയിവെർലൂണും ജൈറോ റോഡ്രിഗസും പരുക്കേറ്റ് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് മുടന്തി. അതുകൊണ്ട് തന്നെ സീസണിൽ മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചുമില്ല. ഇതൊക്കെ അടുത്ത സീസണിൽ മറികടക്കാനാണ് ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമം.

Story Highlights: eelco schattorie twitter post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top