പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ പിഎസ്‌സിയുടെ പേര് ഉപയോഗിക്കുന്നത് വിലക്കും

സർക്കാർ പരീക്ഷകൾക്കായി പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ പിഎസ്‌സിയുടെ പേര് ഉപയോഗിക്കുന്നത് വിലക്കാൻ പിഎസ്‌സി തീരുമാനം. ബോർഡുകളിലും പരസ്യങ്ങളും ഉൾപ്പെടെ കമ്മീഷന്റെ പേര് ഉപയോഗിക്കുന്നതാണ് വിലക്കുക. ഇക്കാര്യം സർക്കാരിനെ അറിയിക്കും.
Read Also: പിഎസ്‌സി നിയമന തട്ടിപ്പ് കേന്ദ്രമായി മാറി: കെ സുരേന്ദ്രൻ
സംസ്ഥാനത്ത് വിവിധ സർക്കാർ പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ പിഎസ്‌സിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി വിലയിരുത്തിയാണ് പിഎസ്‌സി തീരുമാനം. ബോർഡുകളിലും പരസ്യങ്ങളിലുമെല്ലാം പിഎസ്‌സിയുടെ പേര് ഉപയോഗിക്കുകയാണ്. കോച്ചിംഗ് കേന്ദ്രങ്ങൾ പിഎസ്‌സിയുടെ പേര് ദുരുപയോഗം ചെയ്താൽ പൊലീസിൽ പരാതി നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. തലസ്ഥാനത്തെ ചില പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണു ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ പിഎസ്‌സി തീരുമാനിച്ചത്. പിഎസ്‌സിയുടെ പേര് ഉപയോഗിച്ചാണ് ഇത്തരം സ്ഥാപനങ്ങൾ പരീക്ഷാർത്ഥികളെ ആകർഷിക്കുന്നത്.
ഇതേക്കുറിച്ചുള്ള പരാതികൾ പിഎസ്‌സിക്ക് ലഭിച്ചിരുന്നു. തുടർന്നാണ് കമ്മീഷൻ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തീരുമാനം പിഎസ്‌സി സർക്കാരിനെ അറിയിക്കും. സർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞശേഷമാകും തീരുമാനം നടപ്പിലാക്കുക.
കഴിഞ്ഞ ദിവസം പിഎസ്‌സി പരിശീലന കേന്ദ്ര നടത്തിപ്പിൽ ബന്ധമുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ട സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥരായ ഷിബു കെ നായർ, രഞ്ജൻ രാജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കെഎഎസ് ഉദ്യോഗാർത്ഥികൾക്കായി രഞ്ജൻ രാജ് തയ്യാറാക്കിയ പുസ്തകവും വിജിലൻസ് സംഘം പിടിച്ചെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here