നിർഭയ കേസ്; കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

നിർഭയ കേസ് പ്രതികളെ വെവ്വേറെ തൂക്കിലേറ്റാൻ അനുമതി തേടി കേന്ദ്രസർക്കാർ നൽകിയ ഹർജി സുപ്രിംകോടതി മാർച്ച് 5 ലേക്ക് മാറ്റി. വിചാരണ കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഹർജി മാറ്റിവച്ചത്. വധശിക്ഷ നടപ്പിലാക്കുന്നതിലെ വ്യവസ്ഥകളിൽ ഭേദഗതി വേണമെന്ന് കോടതിയിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
വധശിക്ഷ വെവ്വേറെ നടപ്പാക്കാൻ അനുമതി നിഷേധിച്ച് ഈ മാസം ആദ്യം ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിക്കുകയാണെന്ന് സുപ്രിംകോടതിൽ കേന്ദ്ര സർക്കാർ വാദിച്ചു.
മാർച്ച് 3 ന് വധശിക്ഷ നടപ്പിലാക്കണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതി നേരത്തെ പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്ന് അംഗ ബെഞ്ച് കേന്ദ്ര സർക്കാറിന്റെ ഹർജി മാർച്ച് അഞ്ചിലേക്ക് മാറ്റിയത്. പ്രതികളായ വിനയ് ശർമ, അക്ഷയ് കുമാർ, മുകേഷ് സിംഗ് എന്നിവരുടെ നിയമ സഹായത്തിനുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. ഇനി പവൻ ഗുപ്ത മാത്രമാണ് രാഷ്ട്രപതിക്ക് ദയാ ഹർജി നൽകാനുള്ളത്. ഇയാൾ ദയാ ഹർജി നൽകിയാൽ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here