Advertisement

ആരോഗ്യകരമായി വണ്ണം കുറയ്ക്കേണ്ടതെങ്ങനെ?

February 27, 2020
Google News 1 minute Read

-മീര മിഥുൻ (സീനിയർ ഡയറ്റീഷ്യൻ, രാജഗിരി ഹോസ്പിറ്റൽ)

തടി ചിലർക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. ശരീരം ആരോഗ്യമുള്ളതാവുന്നത് നല്ലതാണല്ലോ. വണ്ണം കുറയ്ക്കാനായി പലരും കഷ്ടപ്പെടുമെങ്കിലും അത് എത്ര മാത്രം ആരോഗ്യകരമായാണ് നടക്കുന്നതെന്നത് ഇവർക്കൊന്നും അറിയില്ല. ഭക്ഷണത്തിൻ്റെ അളവ് മാത്രം കുറച്ച്, വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കാൻ ശ്രമിക്കലാണ് പൊതുവേ നടക്കാറുള്ള ഡയറ്റ്. പിന്നെ, എളുപ്പത്തിൽ വണ്ണം കുറയ്ക്കാമെന്ന വാർത്തകളും ലിങ്കുകളും പരിശോധിച്ച് അതൊക്കെ ഒന്നു പരീക്ഷിക്കും. തൂക്കം കുറഞ്ഞേക്കാം, പക്ഷേ, ഇതൊക്കെ എത്ര മാത്രം ആരോഗ്യകരമാണെന്ന് എത്ര പേർക്കറിയാം?

ഈസി സ്റ്റെപ്പുകൾ ഇല്ല. ഇത്തിരി പാടുള്ള സ്റ്റെപ്പുകളേ ഉള്ളൂ

ഒന്നാമതായി, വണ്ണം കുറക്കാൻ എളുപ്പവഴികൾ ഇല്ല. വേഗം വണ്ണം കുറക്കാമെന്ന മട്ടിലുള്ള ഡയറ്റുകൾ പരീക്ഷിക്കരുത്. ഒരു മാസം കൊണ്ട് 5-7 കിലോ ഭാരം മാത്രമേ കൂടാനോ കുറയാനോ പാടുള്ളൂ. അതാണ് ആരോഗ്യകരമായ ഒരു ഡയറ്റിലെ ഒന്നാമത്തെ കാര്യം. ഉയര-തൂക്ക അനുപാതം വെച്ച് എത്ര തൂക്കം കുറക്കണമെന്നത് ആദ്യം തീരുമാനിക്കണം. 5 കിലോ ആണെങ്കിൽ ഒരു മാസം. 10 ആണെങ്കിൽ രണ്ട് എന്നിങ്ങനെയാണ് ഭാരം കുറക്കേണ്ടത്. നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുക എന്നത് ഏറ്റവും സുപ്രധാനമാണ്. പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഉപേക്ഷിക്കരുത്. എഴുന്നേറ്റ് മൂന്ന് മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കണം. അത് പുലർച്ചെ 8 മണിക്കുള്ളിൽ തീർക്കാവുന്ന രീതിയിൽ കഴിക്കണം. ഡയറ്റ് എത്ര ദിവസത്തേക്കാണെങ്കിലും, അത്രയും ദിവസത്തേക്ക് ഒരു മോശം ഭക്ഷണം പോലും കഴിക്കാൻ പാടില്ല. എങ്കിൽ മാത്രമേ റിസൽട്ട് ഉണ്ടാവൂ. മൂന്ന് നേരം കഴിക്കുന്നതിനു പകരം മൂന്ന് നേരം കഴിക്കുന്ന ഭക്ഷണം അഞ്ച് നേരമാക്കണം. അങ്ങനെ കുറഞ്ഞ അളവിൽ കൂടുതൽ തവണയായി കഴിക്കണം. അങ്ങനെയെങ്കിൽ നല്ല റിസൽട്ട് ഉണ്ടാവും.

നൈസായിട്ട് അങ്ങ് ഒഴിവാക്കിയേക്ക്

പഞ്ചസാര, തേൻ ശർക്കര എന്നിവ കർശനമായി ഒഴിവാക്കണം. ഡയറക്റ്റ് ഷുഗർ ഈ ഡയറ്റിൽ നല്ലതല്ല. ഒരു ദിവസം ഉപയോഗിക്കാവുന്ന എണ്ണ 15 മില്ലി മാത്രമാണ്. അതായത് ഒരു ടേബിൾ സ്പൂൺ. അതിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. വറുത്ത, പൊരിച്ച ഭക്ഷണങ്ങളൊക്കെ ഒഴിവാക്കണം. പൂരി, പൊറോട്ട എന്നിവയും ഒഴിവാക്കണം. മറ്റുള്ള ദോശ, അപ്പം തുടങ്ങിയ ഭക്ഷണങ്ങളുടെ എണ്ണത്തിലും ശ്രദ്ധിക്കണം. രണ്ട് എണ്ണമാണ് കഴിക്കേണ്ടത്. പുട്ട്, ഉപ്പുമാവ് എന്നിവയൊക്കെ പഴത്തിനൊപ്പം കഴിക്കാതെ കറി ഉപയോഗിച്ച് കഴിക്കണം. ബ്രെഡ് പോലുള്ള ബേക്കറി പലഹാരങ്ങൾ കഴിക്കരുത്. ബേക്കിംഗിൽ മൈദ, എണ്ണ, പഞ്ചസാര എന്നിവയൊക്കെ ഉണ്ടാവും. അത് ഡയറ്റിംഗിൽ പിന്തുടരാതിരിക്കേണ്ട ഭക്ഷണങ്ങളാണ്.

പച്ചക്കറി കിടു അല്ലെന്നാരാ പറഞ്ഞത്?

കൂടുതൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓട്സ്, ചപ്പാത്തിയൊക്കെ കഴിച്ചാൽ വണ്ണം കുറയും എന്നത് തെറ്റിദ്ധാരണയാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഏത് ഭക്ഷണ വസ്തു ഉപയോഗിച്ചാലും അതിൻ്റെ ഇരട്ടി പച്ചക്കറി കഴിക്കണം. ഒരു കപ്പ് ചോറിന് രണ്ട് കപ്പ് പച്ചക്കറികൾ എന്നതാണ് കണക്ക്. കിഴങ്ങുകൾ ഏറെ കഴിക്കരുത്. പാചകം ചെയ്യുമ്പോഴും എണ്ണ നേരത്തെ പറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക. മാംസം കഴിക്കുന്നത് കുഴപ്പമില്ല. ഗ്രിൽ ചെയ്തോ കറിവെച്ചോ കഴിക്കണം. വറുത്ത് കഴിക്കരുത്. പയറ്, കടല തുടങ്ങിയ വിത്തുകളും കഴിക്കാം. പക്ഷേ, പയറും കടലയുമൊന്നും പച്ചക്കറിക്ക് പകരമാവില്ല. ചോറിൻ്റെ ഇരട്ടി പച്ചക്കറി എന്തായാലും ഉണ്ടാവുകയും വേണം.

ഇതൊന്നും അത്ര നല്ലതല്ല കേട്ടോ

പഴങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഫ്രക്ടോസ് എന്ന ഷുഗർ പഴങ്ങളിൽ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ അത് വണ്ണം കുറയലിന് സഹായിക്കില്ല. പഴങ്ങൾ വിശപ്പ് അധികരിപ്പിക്കുകയും ചെയ്യും. ആപ്പിൾ, ഓറഞ്ച്, മാതളം, പേരക്ക തുടങ്ങി കലോറി കുറവുള്ള പച്ചക്കറികൾ ഒരു ദിവസം ഒന്ന് എന്ന നിലയിൽ കഴിക്കാം. ചക്ക, മാങ്ങ, ഏത്തപ്പഴം തുടങ്ങി കലോറി കൂടുതലുള്ള പഴങ്ങൾ കഴിക്കാതിരിക്കുന്നതണ് നല്ലത്.

കൊളോക്കലി പറഞ്ഞാൽ

രാവിലെ 11 മണിയൊക്കെ ആകുമ്പോൾ ഒന്നോ രണ്ടോ വെള്ളരി കഴിക്കാം. ദിവസവും 3 ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കണം. ഒരു മണിക്കൂർ വ്യായാമം നിർബന്ധം. സിമ്പിളായി പറഞ്ഞാൽ ഈ ഡയറ്റ് പാറ്റേണിൽ, അഞ്ച് കപ്പ് പച്ചക്കറികൾ, 3 ലിറ്റർ വെള്ളം, ഒരു മണിക്കൂർ എന്നിങ്ങനെയാണ് വരേണ്ടത്. ഇങ്ങനെയാണെങ്കിൽ 5-7 കിലോ ഒരു മാസം കൊണ്ട് കുറയും.

ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് ഒന്ന് ഡയറ്റ് ചെയ്തു നോക്കൂ. അപ്പോൾ അറിയാം ഫലം.

Story Highlights: Weight loss diet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here