അഡ്വ. കെ ശ്രീകാന്ത് ബിജെപി കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു

രവീശ തന്ത്രിയുടെ രാജിക്കു പിന്നാലെ അഡ്വ. കെ ശ്രീകാന്ത് വീണ്ടും ബിജെപി കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു. അതേസമയം, കേന്ദ്ര മന്ത്രി വി മുരളീധരന്‍ പങ്കെടുത്ത ചടങ്ങിന് രവീശ തന്ത്രിയും ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കളും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.

സജീവ സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാജിവച്ചെങ്കിലും മുതിര്‍ന്ന നേതാവായ വി മുരളീധരന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു രവീശ തന്ത്രി നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ജില്ലാ അധ്യക്ഷനായി അഡ്വ. കെ ശ്രീകാന്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് രവീശ തന്ത്രിയും ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കളും വിട്ടു നിന്നു. ഇത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

സംസ്ഥാന സമിതിയില്‍ നിന്നും രാജിവച്ചെങ്കിലും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് രവീശ തന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളിടപെട്ട് ചടങ്ങിലെത്തിക്കാന്‍ അനുനയ നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു രവീശ തന്ത്രി. അതേസമയം, ജില്ലയിലെ പ്രവര്‍ത്തകരുടെ അഭിപ്രായം പരിഗണിച്ചാണ് ശ്രീകാന്തിനെ വീണ്ടും ജില്ല അധ്യക്ഷനാക്കിയതെന്ന് വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. അധ്യക്ഷ പദവി ആഗ്രഹിക്കാമെങ്കിലും പാര്‍ട്ടി തീരുമാനം പ്രവര്‍ത്തകര്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനുനയ നീക്കങ്ങളോട് ജില്ല നേതൃത്വത്തിന് വലിയ താത്പര്യവുമില്ല. തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന ഉറച്ച നിലപാട് രവീശ തന്ത്രി സ്വീകരിച്ചതോടെയാണ് ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനില്ലെന്ന വ്യക്തമാക്കിയ രവീശ തന്ത്രി പുതിയ അധ്യക്ഷന്റ സ്ഥാനാരോഹണ സമയത്ത് ജന്മനാട്ടിലാണുണ്ടായിരുന്നതെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top