ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് വ്യാപിക്കുന്നു; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിൽ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന. പുതിയ കേസുകളുടെ എണ്ണത്തിൽ യൂറോപ്യൻ- പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്നലെ ചൈനയെ മറികടന്നു.

രണ്ടാം ദിവസവും ചൈനയ്ക്ക് പുറത്ത് നിരവധി പേർക്ക് പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന തലവന്റെ പ്രതികരണം. ആശങ്കപ്പെടാനുള്ള സമയമല്ലിതെന്നും ത്വരിതഗതിയിലുള്ള നടപടികളാണ് ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

ഇറാനിലും ഇറ്റലിയിലുമാണ് കൂടുതൽ കേസുകൾ. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലേക്കാൾ കൂടുതൽ പുതിയ കേസുകൾ ആദ്യമായി ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നായി ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ 17ഉം ഇറാനിൽ 26 പേരും ഇതുവരെ മരിച്ചു. ദക്ഷിണ കൊറിയയിൽ 1700ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇവിടങ്ങളിലേക്ക് യാത്ര ചെയ്തവരിലാണ് മറ്റുരാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിക്കപ്പെട്ടത്. ഇറാൻ വൈസ് പ്രസിഡന്റ് മസൂമെ എബ്‌റ്റേക്കറിനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്കും ഉംറ തീർത്ഥാടകർക്കും സൗദി വിലക്ക് ഏർപ്പെടുത്തി. യുഎഇയിൽ 19 പേർക്കും കുവൈറ്റിൽ 43 പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകെ 50തോളം രാജ്യങ്ങളിലായി 82,000ലധികം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top