‘ഇന്നലെ പൊലീസ് നായ തെരഞ്ഞിട്ട് പോലും കിട്ടിയില്ല; ഇന്ന് മൃതദേഹം ആറ്റിൽ കൊണ്ടിട്ടതാകാം’: ദേവനന്ദയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പ്രദേശവാസികൾ

കൊല്ലം പള്ളിമൺ ഇളവൂരിൽ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പ്രദേശവാസികൾ. കുട്ടി അമ്മയില്ലാതെ ഒറ്റയ്ക്ക് പുറത്തുപോകാറില്ലെന്നും അതുകൊണ്ട് ഇത്തിക്കരയാറ്റിലേക്ക് കുട്ടി പോകാൻ സാധ്യതയില്ലെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

‘പൊലീസ് നായവരെ വന്ന് തെരഞ്ഞിട്ടും ഒന്നും കണ്ടില്ല. ഇന്നലെ വൈകിട്ടും രാത്രിയും തെരച്ചിൽ നടന്നിരുന്നു. എന്നിട്ടും ഒന്നും ലഭിച്ചില്ല. ഇന്ന് രാവിലെയാണ് മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്ന് ലഭിക്കുന്നത്. ആരെങ്കിലും മൃതദേഹം ആറ്റിൽ കൊണ്ടിട്ടതായിരിക്കും’- പ്രദേശവാസിയായ സ്ത്രീ ട്വന്റിഫോറിനോട് പറഞ്ഞു.

സംഭവം നിർഭാഗ്യകരമാണെന്നും മറ്റേതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോയെന്ന് അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ പറയാൻ കഴിയുവെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയതിനാൽ അസ്വാഭാവികതയൊന്നുമില്ലെന്നും ദുരൂഹതകൾക്കുള്ള സാധ്യതയും എംപി തള്ളി.

Read Also : കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കുഞ്ഞ് എങ്ങനെയാണ് ആറ്റിലെത്തിയതെന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കുട്ടിയെ കാണാതാകുന്നത്. പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി സ്‌കൂളിൽ നിന്ന് അവധിയെടുത്തിരുന്നു.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

Story Highlights Missing Girl, Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top