ലൈഫ് പദ്ധതിയിലെ പ്രതിപക്ഷ വിമർശനം അസൂയ കൊണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്

ലൈഫ് പദ്ധതിയിലെ പ്രതിപക്ഷത്തിന്റെ വിമർശനം അസൂയ കൊണ്ടെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. പ്രതിപക്ഷം തുടങ്ങിവച്ച് തീർക്കാത്ത ഒന്നര ലക്ഷം വീടുകൾ അധികം പണം നൽകി ഈ സർക്കാർ പൂർത്തിയാക്കി. അത് ഈ രണ്ട് ലക്ഷത്തിൽ പെടില്ല. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇത് വിലയിരുത്തുമെന്നും പ്രതിപക്ഷ നേതാവിന് അതിന്റെ വേവലാതിയാണെന്നും തോമസ് ഐസക് പറഞ്ഞു. ലൈഫ് പദ്ധതിയിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കുമെന്നും മന്ത്രി തിരുവന്തപുരത്ത് വച്ച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലൈഫ് മിഷനിലൂടെ വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം രണ്ട് ലക്ഷം തികഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാനും അതുമായി ബന്ധപ്പട്ട സംശയങ്ങൾക്ക് മറുപടികൾ നൽകാനും ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ഫേസ്ബുക്കിലും/ഹലോയിലും ലൈവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
ലൈഫുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നൽകാം. സമയപരിമിതി കണക്കിലെടുത്ത് ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ആകും മറുപടി നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here