ദേവനന്ദയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു; കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നു

കൊല്ലം ഇളവൂരിൽ കാണാതായ ദേവനന്ദക്കായുള്ള തെരച്ചിൽ തുടരുന്നു. അന്വേഷണത്തിനായി ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ അതിർത്തികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന ശക്തമാക്കി. കുട്ടിയെ കണ്ടു കിട്ടി എന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുവാനും നിർദേശമുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് കൊല്ലത്ത് പള്ളിമൺ ഇളവൂരിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായത്. പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി സ്‌കൂളിൽ നിന്ന് അവധിയെടുത്തിരുന്നു.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്.

Story Highlights- Child Missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top