വനിതാ ടി-20 ലോകകപ്പ്; ഇന്ത്യക്ക് ഫീൽഡിംഗ്

ശ്രീലങ്കക്കെതിരായ വനിതാ ടി-20 മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക ഒരു മാറ്റവുമായി ഇറങ്ങുമ്പോൾ ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിർത്തി. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ സെമി യോഗ്യത നേടിക്കഴിഞ്ഞു. ശ്രീലങ്കയാവട്ടെ, കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.
ടോപ്പ് ഓർഡറിൽ ക്യാപ്റ്റൻ ചമാരി അത്തപ്പട്ടുവിൻ്റെ മിന്നുന്ന ഫോമാണ് ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകുന്നത്. എന്നാൽ, അത്തപ്പട്ടു ഒഴികെ മറ്റാർക്കും ബാറ്റിംഗ് നിരയിൽ ശോഭിക്കാനായിട്ടില്ല. ബൗളിംഗിലും എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങൾ ഇല്ല. ഇന്ത്യയെ സംബന്ധിച്ച്, ടോപ്പ് ഓർഡറിൽ അതിഗംഭീര പ്രകടനം കാഴ്ച വെക്കുന്ന കൗമാര താരം ഷഫാലി വർമ്മയാണ് ഇന്നിംഗ്സിനെ താങ്ങി നിർത്തുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അടക്കം മറ്റാർക്കും മികച്ച പ്രകടനം നടത്താനായിട്ടില്ല. വേദ കൃഷ്ണമൂർത്തി, ദീപ്തി ശർമ്മ, ജമീമ റോഡ്രിഗസ് തുടങ്ങിയവരൊക്കെ ഒന്നോ രണ്ടോ മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പൂനം യാദവിൻ്റെ ഉജ്ജ്വല ഫോമും ഇന്ത്യക്ക് നേട്ടമാണ്. ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് വളരെ ശക്തമാണ്. ശിഖ പാണ്ഡെ, ദീപ്തി ശർമ്മ തുടങ്ങിയവരൊക്കെ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, അയൽക്കാരായ ബംഗ്ലാദേശ്, റാങ്കിംഗിൽ മൂന്നാമതുള്ള ന്യുസീലൻ്റ് എന്നിവരെയാണ് ഇന്ത്യ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തോൽപിച്ചത്. ഈ മത്സരം കൂടി ജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാവും.
Story Highlights: Womerns T-20 world cup india will field against srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here