വനിതാ ടി-20 ലോകകപ്പ്: വീണ്ടും ഷഫാലി വർമ്മ; അജയ്യരായി ഇന്ത്യ

ശ്രീലങ്കക്കെതിരായ വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അനായാസ ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ശ്രീലങ്ക മുന്നോട്ടു വെച്ച 114 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 14.4 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 47 റൺസെടുത്ത ഷഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് എ ചാമ്പ്യന്മാരായി. കഴിഞ്ഞ മത്സരത്തിൽ വിജയിച്ച ഇന്ത്യ നേരത്തെ തന്നെ സെമിഫൈനലിലെത്തിയിരുന്നു.
ന്യുസീലൻ്റിനെതിരെ നടത്തിയ പ്രകടനത്തിൻ്റെ ബാക്കിയായാണ് ഷഫാലി തുടങ്ങിയത്. ആദ്യ ഘട്ടങ്ങളിൽ മികച്ച ചില ബൗളിംഗ് പ്രകടനങ്ങളോടെ ഷഫാലിയെ ശ്രീലങ്ക പിടിച്ചു നിർത്തിയെങ്കിലും കെട്ടു പൊട്ടിച്ചോടിയ കൗമാര താരം അനായാസം റൺസ് സ്കോർ ചെയ്തു. ചില ക്യാച്ചുകൾ നിലത്തിട്ട ശ്രീലങ്കൻ ഫീൽഡർമാരും ഷഫാലിക്ക് രക്ഷയായി. 34 റൺസാണ് ഷഫാലിയും മന്ദനയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ കണ്ടെത്തിയത്. 12 പന്തുകളിൽ 17 റൺസെടുത്ത മന്ദന ഉദ്ദേശിക പ്രബോധിനിയുടെ പന്തിൽ കവിഷ ദിൽഹരിക്ക് പിടിനൽകി മടങ്ങുകയായിരുന്നു.
മൂന്നാം നമ്പറിൽ ഹർമൻപ്രീത് കൗറാണ് ഇറങ്ങിയത്. കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോം തുടരുന്ന ക്യാപ്റ്റൻ കൗറും നന്നായാണ് തുടങ്ങിയത്. പക്ഷേ, 15 പന്തുകളിൽ 16 റൺസെടുത്ത കൗർ 10ആം ഓവറിൽ ശശികല സിരിവർദനെയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഷഫാലിയോടൊപ്പം 47 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഹർമൻ പുറത്തായത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ഷഫാലി അടിച്ച് തകർക്കുകയായിരുന്നു. ടൂർണമെൻ്റിലെ ആദ്യ അർധസെഞ്ചുറിയിലേക്ക് കുതിച്ച ഷഫാലി ദൗർഭാഗ്യകരമായി റണ്ണൗട്ടായി. 34 പന്തുകളിൽ 7 ബൗണ്ടറിയും ഒരു സിക്സറും സഹിതം 47 റൺസെടുത്താണ് കൗമാര താരം മടങ്ങിയത്.
നാലാം വിക്കറ്റിൽ റിസ്ക് ഫ്രീ ക്രിക്കറ്റ് കളിച്ച ജമീമ റോഡ്രിഗസും ദീപ്തി ശർമ്മയും ഇന്ത്യക്ക് നാലാം ജയം സമ്മാനിക്കുകയായിരുന്നു. 15 റൺസ് വീതമെടുത്ത ഇരുവരും പുറത്താവാതെ നിന്നു.
Story Highlights: Womens T-20 world cup india won against srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here