കുട്ടനാട് സീറ്റില്‍ ബിഡിജെഎസ് തന്നെ മത്സരിക്കും: തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട്ടില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണി നേതൃത്വവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസുവിന്റെ വിമത നീക്കങ്ങള്‍ ബിഡിജെഎസിനെ ബാധിക്കുകയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ഇടത്, വലത് മുന്നണികള്‍ക്ക് പിന്നാലെ കുട്ടനാട് തെരഞ്ഞെടുപ്പിന് കളമൊരുക്കി എന്‍ഡിഎയും മണ്ഡലത്തില്‍ സജീവമാകുകയാണ്. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ബിജെപിക്കു വിട്ടുകൊടുത്ത ബിഡിജെഎസ് ഇത്തവണ കുട്ടനാട്ടില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും.

സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ബിഡിജെഎസില്‍ ചര്‍ച്ചകള്‍ സജീവമാണ്. എന്‍ഡിഎ യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.
എസ്എന്‍ഡിപി യോഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസു മുപ്പത്തിമൂവായിരം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സുഭാഷ് വാസു വിമത നീക്കവുമായി രംഗത്തുണ്ട്. എന്നാല്‍ ഇത് ബിഡിജെഎസിനെ ബാധിക്കില്ലെന്നാണ് തുഷാറിന്റെ പ്രതികരണം.

കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍ സന്തോഷ് സതി, യൂണിയന്‍ ചെയര്‍മാന്‍ പി വി ബിനീഷ് എന്നിവരുടെ പേരുകളാണ് ബിഡിജെഎസിന്റെ സാധ്യതാ പട്ടികയില്‍ പ്രധാനമായും ഉള്ളത്.

Story Highlights: Thushar Vellappally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top