ഡല്‍ഹി സാധാരണ നിലയിലേക്ക്; ജനങ്ങള്‍ വീടുകളിലേക്ക് തിരികെയെത്തി തുടങ്ങി

കലാപ ബാധിത മേഖലയായ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി ഗതികള്‍ ശാന്തമായി തുടരുന്നു. അര്‍ധ സൈന്യത്തെ വിന്യസിച്ചിട്ടുള്ള ഇവിടേക്ക് ഇതിനകം നിരവധി കുടുംബങ്ങളാണ് ഇന്നലെ മടങ്ങി എത്തിയത്. ഇന്ന് മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര നഷ്ടപരിഹാര തുകയുടെ വിതരണം ആരംഭിക്കും. അതേസമയം ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തില്‍ പ്രതിചേര്‍ത്ത ആം ആദ്മി നേതാവ് താഹിര്‍ ഹുസൈനെ കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
സ്ഥിതിഗതികള്‍ പൂര്‍ണമായും പൂര്‍വ സ്ഥിതിയിലായിട്ടില്ലെങ്കിലും വളരെ വേഗം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കലാപത്തെ തുടര്‍ന്ന് വീട് വിട്ട് പോയവരോട് വീടുകളിലെക്ക് തിരികെ എത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. മേഖലയില്‍ വിന്യസിച്ചിട്ടുള്ള അര്‍ധ സൈനിക വിഭാഗം ക്യത്യമായ ഇടവേളകളില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തുന്നുണ്ട്.
ഇന്നലെയും കര്‍ഫ്യൂവില്‍ 12 മണിക്കൂര്‍ ഇളവ് നല്‍കി. കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയ ശേഷവും കാര്യങ്ങള്‍ സമാധാനപരമായി തുടരുന്ന സാഹചര്യത്തില്‍ ഉടന്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കും എന്നാണ് സൂചന. 18 സബ് ഡിവിഷനുകളിലാണ് പ്രധാനമായും കലാപം പടര്‍ന്നത്. ഈ ഡിവിഷനുകളിലെ മജിസ്‌ട്രേറ്റുമാരുടെ യോഗം ഇന്നലെ മുഖ്യമന്ത്രി വിളിച്ചിരുന്നു.
വീടുപേക്ഷിച്ചു പോയവരെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാന്‍ അരവിന്ദ് കേജ്‌രിവാള്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കൂടാതെ 18 സബ് ഡിവിഷനുകളും സന്ദര്‍ശിച്ച് നാശനഷ്ടം ഉണ്ടായ കടകളും വീടുകളും തിരിച്ചറിയാനും ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച 25,000 രൂപ നഷ്ടപരിഹാരത്തുക ഇന്ന് മുതല്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ തിരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. 150 ഓളം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 600 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും കൊലപാതകികളെ അടക്കം നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ആകാതെ വലയുകയാണ് പൊലീസ്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തില്‍ പ്രതിചേര്‍ത്ത താഹിര്‍ ഹുസൈന്‍ നഗരം വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
Story Highlights: delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here