ഡൽഹി കലാപം ഞങ്ങളുടെ മുഖത്തേറ്റ അടി: കുറ്റസമ്മതവുമായി രാം വിലാസ് പാസ്വാൻ

ഡൽഹി കലാപം തങ്ങളുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാൻ. ഡൽഹി കലാപക്കേസുകളിൽ വിധി കല്പിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നും 1984ലെ സിഖ് വിരുദ്ധ കലാപ കേസുകൾ വർഷങ്ങളോളം വലിച്ചിഴച്ചതു പോലുള്ള നടപടി ഡൽഹി കലാപത്തിൽ ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ വേഗം തീർപ്പു കല്പിക്കാനായി അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള നിയമം കേന്ദ്രം കൊണ്ടുവരണമെന്നും കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ-​ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി​യാ​യ പാ​സ്വാ​ൻ കൂട്ടിച്ചേർത്തു.

“ഒട്ടേറെ ആളുകൾ ക്രൂരമായി കൊല്ലപ്പെടുകയും വാസ സ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്ത കലാപം ഞങ്ങളുടെ മുഖത്തേറ്റ അടിയല്ലെന്ന് വിളിക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ? അമേരിക്കൻ പ്രസിഡൻ്റ് ഇവിടെ ഉണ്ടായിരുന്നപ്പോഴാണ് ഇതെല്ലാം നടന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും അടങ്ങുന്ന സ്ഥലവാസികൾ പരസ്പരം സഹായത്തിനെത്തി. ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്ന ചിലരാണ് ഈ കലാപത്തിനു പിന്നിൽ. ഇവിടെ മതമോ ജാതിയോ ഇല്ല.”- പാസ്വാൻ പറഞ്ഞു.

വിദ്വേഷ പരാമർശങ്ങൾ നടത്തിയവരെപ്പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ ഭൂതകാലത്തിലേക്ക് പോകുന്നില്ല. അന്വേഷണം നടക്കുകയാണ്. പക്ഷപാതമില്ലാതെ നടക്കുന്ന അന്വേഷണമാണ് ഇതെന്ന് ഞാൻ ഉറപ്പു നൽകാം. വിദ്വേഷ പ്രസംഗങ്ങൾ കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ കലാപത്തിനു കാരണക്കാരായവരുണ്ടെങ്കിൽ, അവരെ തിരിച്ചറിഞ്ഞ അവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഈ കേസുകളെല്ലാം അതിവേഗ കോടതിയിൽ തീർപ്പു കല്പിക്കുമെന്ന് ഞാൻ കരുതുന്നു.”- പാസ്വാൻ പറഞ്ഞു.

ഡൽഹി കലാപത്തിൽ 45 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 885 ആയിട്ടുണ്ട്. 167 എഫ്‌ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ഇതിൽ ആയുധ നിയമം അനുസരിച്ച് 36 കേസുകൾ ആണ് ഉള്ളത്. സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയതിന് 13 കേസുകളും രജിസ്റ്റർ ചെയ്തു.

Story Highlights: Violence in Delhi a blot on our face, says Ram Vilas Paswan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top