പൊലീസ് തലപ്പത്തെ ക്രമക്കേടിൽ സർക്കാർ ഒത്താശ; കൂടുതൽ തെളിവുകൾ പുറത്ത്

പൊലീസ് തലപ്പത്തെ ക്രമക്കേടുകൾക്ക് സർക്കാർ ഒത്താശ ചെയ്തതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഫാമിലി ക്രൈം പ്രിവൻഷൻ കൗൺസിലിംഗ് യൂണിറ്റുകളുടെ നിർമാണത്തിന്റെ പേരിലാണ് ചട്ടലംഘനം നടന്നത്. പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ ചുമതല ഏൽപിക്കാനുള്ള നീക്കം ഡിജിപി ഇടപെട്ട് സിഡ്‌കോയെ ചുമതലപ്പെടുത്തി. ചട്ടലംഘനം സാധൂകരിച്ച് സർക്കാർ ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

നിയമസഭയിൽ പൊലീസിന്റെ ക്രമക്കേടുകളെ മുഖ്യമന്ത്രി ന്യായീകരിക്കുന്ന സാഹചര്യത്തിലാണ് ചട്ടലംഘനങ്ങളുടെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 2013-2014 കാലയളവിൽ 10 ജില്ലകളിൽ ഫാമിലി ക്രൈം പ്രിവൻഷൻ കൗൺസിലിംഗ് യൂണിറ്റുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഒരു കോടി രൂപ ചിലവഴിച്ചുള്ള പദ്ധതിയുടെ ചുമതല പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ ഏൽപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഡിജിപി ഈ നീക്കം അട്ടിമറിച്ചു. കൂടാതെ ചട്ടം ലംഘിച്ച് പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയ്ക്ക് കരാർ നൽകുകയും ചെയ്തു.

പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ ചുമതല ഏൽപ്പിച്ചാൽ വൈകുമെന്ന കാരണമാണ് ഡിജിപി ചൂണ്ടിക്കാട്ടിയത്. പിന്നീട് സർക്കാരിനോട് ഇക്കാര്യത്തിൽ അനുമതി തേടി. ചട്ടലംഘനം പരിശോധിക്കുക പോലും ചെയ്യാതെ സർക്കാർ അനുമതി നൽകി. പ്രത്യേക സംഭവമായി പരിഗണിച്ചാണ് അനുമതി നൽകിയതെന്ന് ഉത്തരവിൽ തന്നെ പറയുന്നുണ്ട്. പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ നോക്കുകുത്തിയാക്കി കരാറുകൾ മറിച്ചു നൽകുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് ഇത് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നത്.

story highlights- kerala police, DGP loknath behra, kerala govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top