ഡൽഹി കലാപം; ഹർജികൾ മാറ്റിവച്ച ഡൽഹി ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രിംകോടതി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ആറാഴ്ചത്തേക്ക് മാറ്റിവച്ച ഡൽഹി ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രിംകോടതി. ഹൈക്കോടതി നടപടി ന്യായീകരിക്കാൻ കഴിയില്ല. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിക്ക് നിർദേശം നൽകി. അതേസമയം, ജസ്റ്റിസ് എസ് മുരളിധറിനെതിരെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിമർശനം ഉന്നയിച്ചു.

ഹർജികൾ പരിഗണിക്കുന്നത് ഏപ്രിൽ പതിമൂന്നിലേക്ക് മാറ്റിയ ഡൽഹി ഹൈക്കോടതി നടപടി ഉചിതമായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. ശരിയായ സമയത്ത് കേൾക്കണമായിരുന്നു. ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുകയും വേഗത്തിൽ തീർപ്പാക്കുകയും വേണം. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സാഹചര്യം അനുകൂലമായോ എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. അക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിടുന്നതാകും ഉചിതമെന്ന് സോളിസിറ്റർ ജനറൽ നിലപാട് വ്യക്തമാക്കി.

കലാപം തടയാൻ കഴിയില്ലെന്ന മുൻ പരാമർശത്തെ ചീഫ് ജസ്റ്റിസ് ന്യായീകരിച്ചു. ജനത്തിനെതിരെ കലാപ നിരോധന ഉത്തരവിടാൻ കഴിയില്ലെന്നാണ് ഉദ്യേശിച്ചത്. ഇതിനിടെ, ബിജെപി നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട പൊതുപ്രവർത്തകനായ ഹർഷ് മന്ദേർ, വിദ്വേഷ പ്രസംഗം
നടത്തിയെന്ന് സോളിസിറ്റർ ജനറൽ ആരോപിച്ചു. സുപ്രിംകോടതിയിൽ വിശ്വാസമില്ലെന്നും യഥാർത്ഥ നീതി തെരുവിലാണ് നടപ്പാകുകയെന്നുമായിരുന്നു പരാമർശം. ഇക്കാര്യത്തിൽ വ്യക്തതയുണ്ടായ ശേഷം ഹർഷ് മന്ദേറിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top