ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതി

കൊച്ചി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ ഇരുപത്തിയെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി. ഉപാധികളോടെ മൂന്ന് പരീക്ഷകൾ എഴുതാനുള്ള അവസരമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വിദ്യാർത്ഥികൾക്ക് നൽകിയത്. പരീക്ഷ ഭയമുണ്ടങ്കിലും ഉയർന്ന മാർക്ക് വാങ്ങാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വിദ്യാർത്ഥികൾ.
ഹൈക്കോടതി അനുമതിയെ തുടർന്ന് ഇന്നലെ രാത്രിയോടുകൂടിയാണ് പരീക്ഷയെഴുതാനുള്ള ഹോൾ ടിക്കറ്റ് തോപ്പുംപ്പടി അരുജാസ് സ്‌കൂളിലെ 28 കുട്ടികൾക്ക് ലഭിച്ചത്. പരീക്ഷ ആരംഭിക്കേണ്ട സമയം 10.30 ആയിരുന്നെങ്കിലും കുട്ടികൾ 9 മണിക്ക് തന്നെ പരീക്ഷ കേന്ദ്രമായ വൈറ്റില ടോക്ക് എച്ച് സ്‌കൂളിൽ എത്തി. സമരം ചെയ്തും കോടതി കയറിയും പഠനത്തിനായുള്ള രണ്ടാഴ്ച്ചയോളം നഷ്ടപ്പെട്ടതിന്റെ അങ്കലാപ്പൊന്നും വിദ്യാർത്ഥികൾക്ക് ഇല്ലായിരുന്നു.
നല്ല രീതിയിൽ പരീക്ഷ എഴുതിയാലും കോടതിയുടെ അന്തിമ വിധി അനുസരിച്ചാകും വിദ്യാർത്ഥികളുടെ ഭാവി. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വലിയ ആശങ്കയാണ് രക്ഷിതാക്കൾ പങ്കുവയ്ക്കുന്നത്. വരുന്ന പന്ത്രണ്ടാം തീയതിയും പതിനെട്ടാം തീയതിയുമാണ് വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകളുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here