കെഎസ്ആർടിസി സമരം പിൻവലിച്ചു

കെഎസ്ആർടിസി സമരം പിൻവലിച്ചു. ഡിസിപിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സർവീസുകൾ പുനഃരാരംഭിച്ചു. തിരുവനന്തപുരം കിഴക്കേകോട്ടയിൽ കെഎസ്ആർടിസി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

മിന്നൽ പണിമുടക്കിൽ തലസ്ഥാനം സ്തംഭിച്ചത് നാല് മണിക്കൂറാണ്. നിരവധി പേർ ബസ് കിട്ടാതെ വലഞ്ഞു. ജനജീവിതം സ്തംഭിച്ചതോടെ ഡിസിപി ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത കെഎസ്ആർടി ജീവനക്കാരെ ജാമ്യത്തിൽ വിട്ടയയ്ക്കാനും തീരുമാനമായി.

ആറ്റുകാലിലേക്ക് റൂട്ട് മാറി സർവീസ് നടത്താൻ ശ്രമിച്ച സ്വകാര്യ ബസിനെ കെഎസ്ആർടിസി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സ്വകാര്യ ബസിനെ തടഞ്ഞ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ സാം ലോപ്പസിന്റെ നേതൃത്വത്തിലുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥർ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കിയതോടെ സ്വകാര്യ ബസ് ജീവനക്കാരും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യാത്രക്കാരെ ഇറക്കാൻ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അംഗ പരിമിതനായ സ്വകാര്യ ബസ് ജീവനക്കാരനെ കെഎസ്ആർടിസി ജീവനക്കാർ മർദിക്കുകയും അത് സംബന്ധിച്ച പരാതി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡിടിഒയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ഇത് നിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ രംഗത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top