KSRTC ബസുകളുടെ വയറിംഗ് നശിപ്പിച്ച സംഭവം; ‘ജീവനക്കാരനാണ് നശിപ്പിച്ചതെങ്കിൽ പിരിച്ചുവിടും’; സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി

കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി പരാതി ഉയർന്നത്.
പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഊർജ്ജിതമായ പോലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവർ കെഎസ്ആർടിസി ജീവനക്കാരെങ്കിൽ സർവ്വീസിൽ നിന്ന് പിരിച്ചു വിടുമെന്നും മന്ത്രി അറിയിച്ചു.
Read Also: KSRTCയിലെ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു; തിരുവനന്തപുരത്ത് സ്വിഫ്റ്റ് ബസ് തടഞ്ഞു
സംഭവത്തെ വളരെ ഗൗരവരകരമായാണ് കാണുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. പണി മുടക്കാനും പണി ചെയ്യാതെ വീട്ടിലിരിക്കാനും അവകാശമുണ്ട്. എന്നാൽ പണി ചെയ്യുന്നവരെ തടസപ്പെടുത്തുന്നതും സ്വന്തം തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നത് വളരെ മോശമാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി രക്ഷപ്പെടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ആ സമയത്ത് ഇത്തരത്തിലുള്ള സമരവും കെഎസ്ആർടിസിയുടെ സ്വത്തുക്കൾ നശിപ്പിക്കുന്ന തരത്തിലേക്ക് അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികളെ കണ്ടെത്തണമെന്ന് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. കർശന നടപടി ഉണ്ടാകും. കെഎസ്ആർടിസി ജീവനക്കാരനാണ് നശിപ്പിച്ചതെങ്കിൽ ആ ജീവനക്കാരന് കെഎസ്ആർടിസിയിൽ തുടരാൻ യോഗ്യതയില്ല. കേടുപാടുകൾ വരുത്താൻ പറഞ്ഞയച്ച് ചെയ്യിപ്പിച്ചവരെയും അത് ചെയ്തവരെയും കെഎസ്ആർടിസി പിരിച്ചുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.
Story Highlights : Minister KB Ganesh Kumar has ordered investigation in damage to KSRTC buses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here