കൊറോണ; ഹോളി ആഘോഷം വേണ്ടെന്നുവച്ച് രാഷ്ട്രപതിയും ഡല്‍ഹി സര്‍ക്കാരും

രാജ്യത്ത് കൊവിഡ്- 19 പടരുന്ന പശ്ചാത്തലത്തിൽ ഹോളി ആഘോഷം വേണ്ടെന്നുവച്ച് രാഷ്ട്രപതിയും. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഹോളി ആഘോഷങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിന്മാറിയത്. വൈറസ് ബാധയ്ക്ക് മുൻകരുതലായാണ് ഹോളി ആഘോഷങ്ങളും ഒത്തുകൂടലും രാഷ്ട്രപതി ഭവൻ ഒഴിവാക്കുന്നത്.
Read Also: കൊറോണ വ്യാപനം; ഹോളി ആഘോഷത്തിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി
തൊട്ടുപിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി പ്രതികരിച്ചു. കൊവിഡ്- 19 കൂടാതെ ഡൽഹിയിലെ കലാപവുമാണ് ആഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കാനുള്ള ഡൽഹി സർക്കാരിന്റെ കാരണം. മന്ത്രിമാരെ കൂടാതെ ആം ആദ്മി പാർട്ടി എംഎൽഎമാർക്കും അരവിന്ദ് കേജ്‌രിവാൾ ആഘോഷങ്ങൾ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദേശം നൽകി.
With alertness and safeguards, we all can help contain the outbreak of COVID-19 Novel Coronavirus. In a precautionary measure, the Rashtrapati Bhavan will not hold the traditional Holi gatherings.
— President of India (@rashtrapatibhvn) March 4, 2020
അതേസമയം, കൊറോണ വ്യാപനത്തെ തുടർന്ന് ഹോളി ആഘോഷത്തിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വൈറസ് ബാധ തടയുന്നതിനായി ആളുകൾ കൂട്ടം ചേരുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. സംഘം ചേർന്നുള്ള ആഘോഷങ്ങളിൽ നിന്ന് സ്വയം വിട്ട് നിൽക്കുന്നതിനൊപ്പം മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ഇന്ത്യ സന്ദർശിക്കാൻ ഇറ്റലിയിൽ നിന്ന് എത്തിയ 15 പേർ ഉൾപ്പെടെ 18 പേർക്ക് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഡൽഹി സ്വദേശിയും ഉൾപ്പെടും. വിനോദസഞ്ചാരികൾ ധാരാളം എത്തുന്ന സ്ഥലമാണ് ഡൽഹി എന്നിരിക്കെ വൈറസ് ബാധിതരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ഹർഷവർധൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
corona, corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here