ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു ; മുരളീധരപക്ഷത്തിന് വ്യക്തമായ ആധിപത്യം

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മുരളീധരപക്ഷത്തിന് വ്യക്തമായ ആധിപത്യമുള്ളതാണ് ഭാരവാഹി പട്ടിക എന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറിമാരായിരുന്ന എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി. എംടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. അതേസമയം, സംസ്ഥാന വക്താവ് എംഎസ് കുമാര്‍ പുതിയ പട്ടികയ്‌ക്കെതിരെ രംഗത്തെത്തി. ഗ്രൂപ്പ് പരിഗണിച്ചാണ് പട്ടികയെന്നും താന്‍ ചുമതലയേറ്റെടുക്കില്ലെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
മെരിറ്റിനാണ് പ്രാധാന്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും ഭാരവാഹിപട്ടികയില്‍ മുരളീധരപക്ഷത്തിന് ശക്തമായ ആധിപത്യമാണുള്ളത്. കെ സുരേന്ദ്രന്റെ കീഴില്‍ ഭാരവാഹിയാകാനില്ലെന്ന നിലപാടെടുത്ത എഎന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും സംസ്ഥാന വൈസ്പ്രസിഡന്റുമാരായി. ഡോ കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ എ പി അബ്ദുള്ളകുട്ടി, ഡോ ജെ പ്രമീളാദേവി, ജി രാമന്‍നായര്‍, എം എസ് സമ്പൂര്‍ണ, പ്രൊഫ വി ടി രമ, വി വി രാജന്‍ എന്നിവരാണ് മറ്റ് സംസ്ഥാന വൈസ്പ്രസിഡന്റുമാര്‍. എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. നാലംഗ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ള മറ്റ് മൂന്നുപേരും മുരളീധരപക്ഷക്കാരാണ്. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.
ദേശീയ കൗണ്‍സില്‍ അംഗങ്ങളായി കെ രാമന്‍പിള്ള ഉള്‍പ്പെടെ 30 പേരെ നിശ്ചയിച്ചു. പത്ത് പേരടങ്ങുന്ന സംസ്ഥാന സെക്രട്ടറിമാരുടെ പട്ടികയും പ്രഖ്യാപിച്ചു. എം ഗണേശന്‍ സംഘടനാ സെക്രട്ടറിയും ജെ ആര്‍ പത്മകുമാര്‍ സംസ്ഥാന ട്രഷററുമാണ്. സംസ്ഥാന വക്താക്കളായി നാലു പേരെ പ്രഖ്യാപിച്ചു. ഇതോടൊപ്പം പോഷകസംഘടനാ അധ്യക്ഷന്മാരേയും പ്രഖ്യാപിച്ചിട്ടുണ്ട്. യുവമോര്‍ച്ച അധ്യക്ഷനായി സി ആര്‍ പ്രഫുല്‍ കൃഷ്ണനേയും മഹിളാമോര്‍ച്ചാ അധ്യക്ഷയായി അഡ്വ നിവേദിത സുബ്രഹ്മണ്യനേയും പ്രഖ്യാപിച്ചു.
Story Highlights- BJP, state office bearers, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here