സമ്മാനത്തുക 50 ശതമാനം കുറച്ചു; താര വായ്പയും നോ ബോൾ പരിഷ്കാരവും: ശ്രദ്ധേയ മാറ്റങ്ങളുമായി ഐപിഎൽ ഒരുങ്ങുന്നു

അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ പ്രീമിയർ ലീഗ് ഒരുങ്ങുന്നു. ചെലവ് ചുരുക്കലാണ് മാറ്റങ്ങളിൽ ഏറെ ശ്രദ്ധേയം. ഒപ്പം ഓട്ടോ നോ ബോൾ നിയമവും താര വായ്പാ പരിഷ്കാരവുമൊക്കെ ഈ സീസണിൽ നടപ്പിലാക്കും. മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക.

സീസണിലെ ജേതാവിന് പത്തു കോടി രൂപയാണ് സമ്മാനത്തുക. റണ്ണർ അപ്പിന് 6.25 കോടി രൂപ ലഭിക്കും. മൂന്നും നാലും സ്ഥാനത്ത് സീസണ്‍ പൂര്‍ത്തിയാക്കുന്ന ടീമുകള്‍ക്ക് 4.375 കോടി രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. കഴിഞ്ഞ സീസണിൽ ഇത് യഥാക്രമം 20 കോടി, 12.5 കോടി, 8.75 കോടി എന്നിങ്ങനെയായിരുന്നു സമ്മാനത്തുക. ഏതാണ്ട് 50 ശതമാനത്തോളം കുറവാണ് സമ്മാനത്തുകയിൽ ഉണ്ടായിരിക്കുന്നത്.

ഇതോടൊപ്പം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഐപിഎൽ ഫ്രാഞ്ചസികൾ നൽകേണ്ട തുക വർധിപ്പിച്ചതും ടീമുകൾക്ക് തിരിച്ചടിയാണ്. ഓരോ മത്സരത്തിനും 30 ലക്ഷം രൂപയാണ് കഴിഞ്ഞ സീസൺ വരെ ഫ്രാഞ്ചസികൾ നൽകേണ്ടിയിരുന്നത്. എന്നാൽ, ഈ സീസൺ മുതൽ 50 ലക്ഷം രൂപ വീതം നൽകണം. ബിസിസിഐയും 50 ലക്ഷം രൂപ വീതം ഓരോ മത്സരത്തിനും നൽകും.

താര വായ്പയുടെ കാര്യത്തിലും ഇത്തവണ മാറ്റങ്ങളുണ്ട്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ താരങ്ങളെ മാത്രം വായ്പ നൽകാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഈ കൊല്ലം വിദേശ താരങ്ങളെയും വായ്പ നൽകാം. ഫ്രണ്ട് ഫൂട്ട് നോ ബോൾ വിളിക്കാനുള്ള ചുമതല തേർഡ് അമ്പയറിനു നൽകിയതാണ് മറ്റൊരു മാറ്റം.

ഇതോടൊപ്പം യാത്രാ നയത്തിലും ബിസിസിഐ മാറ്റങ്ങൾ വരുത്തി. മൂന്നു മണിക്കൂറിൽ കൂടുതലുള്ള യാത്രകൾക്ക് ബിസിനസ് ക്ലാസ് ടിക്കറ്റാണ് ജീവനക്കാർക്കായി ബിസിസിഐ എടുത്തു കൊടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ എട്ടു മണിക്കൂറില്‍ താഴെയുള്ള യാത്രകള്‍ക്കെല്ലാം ഇക്കോണമി ക്ലാസ് ബുക്ക് ചെയ്യാനാണ് ബിസിസിഐയുടെ തീരുമാനം.

Story Highlights: IPL price money reduced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top