Advertisement

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും

March 5, 2020
Google News 1 minute Read

നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൂന്നംഗ സംഘമായിരിക്കും അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോര്‍ന്ന് കിട്ടിയെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആരോപണം. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് അതിലെ കണ്ടെത്തലുകള്‍ പി ടി തോമസ് സഭയില്‍ ഉന്നയിച്ചത് ഗൗരവകരമായി കാണുമെന്ന് മുഖ്യമന്ത്രി നേരത്തെ സഭയില്‍ വ്യക്തമാക്കിയിരിന്നു.

സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ പൊലീസ് തലപ്പത്തെ ക്രമക്കേടുകള്‍ തെളിയിക്കുന്ന പല വിവരങ്ങളും പുറത്ത് വന്നിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരാണ് രേഖകള്‍ ചോര്‍ത്തിയതെന്നാണ് സര്‍ക്കാരിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൂന്നംഗ സംഘമായിരിക്കും പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുക. അതീവ രഹസ്യസ്വഭാവത്തിലാകും അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ള ആളുകളുടെ ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ചേക്കും. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കേസെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പൊലീസ് ആസ്ഥാനത്തെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടു തൃശൂര്‍ സ്വദേശി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പൊലീസ് ക്വാര്‍ട്ടേഴ്‌സിനുള്ള തുക വകമാറ്റി വില്ല പണിതതടക്കം പൊലീസിനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ അടങ്ങിയതായിരുന്നു സിഎജി റിപ്പോര്‍ട്ട്.

 

Story Highlights- CAG report, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here