Advertisement

കേരള സാങ്കേതിക സർവകലാശാല നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ

March 6, 2020
Google News 1 minute Read

കേരള സാങ്കേതിക സർവകലാശാല ഫയൽ അദാലത്ത് നടത്തി പുനർമൂല്യനിർണയത്തിലൂടെ വിദ്യാർത്ഥിയെ വിജയിപ്പിച്ചത് ക്രമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. അദാലത്ത് നടത്താൻ ആവശ്യപ്പെടാൻ സർക്കാരിനു കഴിയില്ലെന്നും മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ, വിദ്യാർത്ഥിയുടെ ഭാവിയെ കരുതി പുനർമൂല്യനിർണയം റദ്ദാക്കുന്നില്ലെന്നും ഉത്തരവിൽ ഗവർണർ വ്യക്തമാക്കുന്നു. കേരള സാങ്കേതിക സർവകലാശാലയിൽ നടന്ന ഫയൽ അദാലത്തിനെക്കുറിച്ചുള്ള പരാതിയിലാണ് ചാൻസിലർ കൂടിയായ ഗവർണർ ഉത്തരവിട്ടത്. ടികെഎം കോളജിലെ ബി.ടെക് വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നാണ് അദാലത്ത് നടത്താൻ സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീൽ നിർദേശം നൽകിയത്.

ഇതിൽ വിദഗ്ധ സമിതിയെക്കൊണ്ട് പരീക്ഷാ പേപ്പർ വീണ്ടും മൂല്യനിർണയം നടത്തുകയും വിദ്യാർത്ഥി വിജയിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള പരാതിയിലാണ് തെളിവെടുപ്പിനുശേഷം ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. അദാലത്ത് സംഘടിപ്പിക്കാൻ വ്യവസ്ഥകളില്ലെന്ന് ഉത്തരവിൽ പറയുന്നു. അദാലത്ത് നടത്താനുള്ള മന്ത്രിയുടെ നടപടിയും അദാലത്തിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തതും ചട്ടവിരുദ്ധമാണ്. അദാലത്ത് സംഘടിപ്പിക്കാൻ സർവകലാശാലയോട് ആവശ്യപ്പെടാൻ സർക്കാരിനു ചട്ടപ്രകാരം കഴിയില്ല. സർവകലാശാല സ്വയംഭരണ സ്ഥാപനമാണ്.

അതിനാൽ അതിന്റെ ആഭ്യന്തരഭരണത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. ഓർഗനൈസിംഗ് കമ്മിറ്റി ഫയൽ അദാലത്ത് നടത്തിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ചട്ടങ്ങളും നടപടിക്രമങ്ങളും മറികടക്കാൻ നിയമം അനുവദിക്കുന്നില്ല. ഭാവിയെ കരുതി വിദ്യാർത്ഥിയുടെ പുനർമൂല്യനിർണയം റദ്ദാക്കുന്നില്ലെന്നും ഗവർണർ ഉത്തരവിൽ വ്യക്തമാക്കുന്നു. ക്രമക്കേട് ആവർത്തിക്കരുതെന്ന് ഗവർണർ കർശന നിർദേശവും നൽകിയിട്ടുണ്ട്.

Story highlight: Governor,Kerala Technical University 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here